ചെങ്ങാലൂർ–മണ്ണംപേട്ട റോഡ് തകർച്ച: ഭാരവാഹനങ്ങളുടെ ഗതാഗതം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

- അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു
- നിർമ്മാണ ഘട്ടത്തിൽ തന്നെ 9 ഇടങ്ങളിൽ പൈപ്പ് പൊട്ടിയതിൽ അന്വേഷണം വേണമെന്ന് ആവശ്യം
പുതുക്കാട്: നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ തകർന്നുകൊണ്ടിരിക്കുന്ന ചെങ്ങാലൂർ–മണ്ണംപേട്ട–മാവിൻചോട് റോഡിലൂടെയുള്ള (എം.എൽ.എ. റോഡ്) ഭാരവാഹനങ്ങളുടെ ഗതാഗതം അടിയന്തരമായി നിർത്തിവെക്കണമെന്നും റോഡ് തകരുന്നതിന്റെ കാരണങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹാരം കാണണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടാംകല്ല് യൂണിറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് പുതുക്കി നിർമ്മിച്ച റോഡിലാണ് പൈപ്പ്ലൈൻ പൊട്ടി മൂന്ന് മീറ്ററിലധികം നീളത്തിൽ റോഡ് പൊന്തിവരികയും തകരുകയും ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ കാണപ്പെട്ട ചെറിയ ഉയർച്ച, ഇന്ന് രാവിലെ ഭാരമേറിയ ടോറസ് വാഹനങ്ങൾ കയറിയിറങ്ങിയതോടെ പൂർണ്ണമായി പൊട്ടിത്തകരുകയായിരുന്നു.
റോഡ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ ചെങ്ങാലൂർ മുതൽ മണ്ണംപേട്ട വരെയുള്ള ഒൻപതിടങ്ങളിൽ പൈപ്പ് പൊട്ടലും തുടർന്ന് കുഴിയടയ്ക്കലും നടന്നിട്ടുണ്ട്. പൊതുസമ്പത്ത് നശിക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തര പരിശോധന വേണമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി.
പരിഷത്ത് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ:
- റോഡിനടിയിൽ എത്ര ആഴത്തിലാണ് കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുക.
- ഉപയോഗിച്ച പൈപ്പുകളുടെയും റോഡ് നിർമ്മാണത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുക.
- നിലവിലെ റോഡിന് താങ്ങാനാവാത്ത വിധമുള്ള അമിതഭാരമുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുക.
വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പൊതുജനങ്ങൾക്കും പൊതുസമ്പത്തിനും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടാംകല്ല് യൂണിറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

