ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കടുവയുടെ ആക്രമണം; പാകിസ്താനിൽ 19കാരന് ദാരുണാന്ത്യം | Pakistan tiger attack
ലാഹോർ: ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കടുവയുടെ ആക്രമണത്തിൽ 19കാരന് ദാരുണാന്ത്യം (Pakistan tiger attack). പാകിസ്താനിലെ ലാഹോറിന് സമീപം കഹ്നയിലെ സ്വകാര്യ ഫാംഹൗസിലാണ് സംഭവം. ഫാം ജീവനക്കാരനായ തൽഹയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക് ഇൻഫ്ലുവൻസർ നൗമാൻ ഹസനെയും ഫാംഹൗസ് ഉടമ ഫയ്യാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വീഡിയോ ചിത്രീകരിക്കുന്നതിനായി നൗമാൻ ഹസന്റെ ആവശ്യപ്രകാരം കടുവയെ കൂട്ടിൽനിന്ന് പുറത്തുകൊണ്ടുവരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. നിയന്ത്രണം വിട്ട കടുവ തൽഹയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം പറഞ്ഞത് നായയുടെ ആക്രമണമെന്ന്
സംഭവത്തെക്കുറിച്ച് പൊലീസിന് ആദ്യം നൽകിയ വിശദീകരണത്തിൽ തൽഹയെ ആക്രമിച്ചത് നായയാണെന്നായിരുന്നു നൗമാൻ ഹസന്റെ വാദം. എന്നാൽ പൊലീസ് അന്വേഷണത്തിൽ കടുവയുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതായാണ് റിപ്പോർട്ട്. ഇതോടെയാണ് ഇൻഫ്ലുവൻസറെയും ഫാംഹൗസ് ഉടമയെയും അറസ്റ്റ് ചെയ്തത്.
അപകടകരമായ വീഡിയോകൾ ചിത്രീകരിച്ചിരുന്നുവെന്ന് റിപ്പോർട്ട്
സോഷ്യൽ മീഡിയയ്ക്കായി വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതയുള്ള വീഡിയോകൾ ചിത്രീകരിക്കുന്നതിലൂടെ നേരത്തെയും ശ്രദ്ധ നേടിയയാളാണ് നൗമാൻ ഹസൻ. കടുവയെ ചുംബിക്കുന്നതും പുള്ളിപ്പുലിയെ ലാളിക്കുന്നതിനിടെ അത് ആക്രമിക്കാൻ ശ്രമിക്കുന്നതുമായ വീഡിയോകൾ ഇയാൾ മുമ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സംഭവത്തെ തുടർന്ന് കടുവയെ വന്യജീവി സംരക്ഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലേക്ക് മാറ്റി. സ്വകാര്യ ഫാംഹൗസിൽ കടുവയെ വളർത്താൻ ആവശ്യമായ അനുമതിയുണ്ടായിരുന്നോ, മൃഗത്തെ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary:
A 19-year-old farm worker named Talha was killed in a tiger attack during a TikTok video shoot at a private farmhouse in Kahna, near Lahore, Pakistan. TikTok influencer Nauman Hassan and farmhouse owner Fayyaz were arrested in connection with the incident. Police are investigating the circumstances of the attack, including whether the farmhouse had the required permission to keep the tiger and whether safety measures were followed. The animal has been taken into the custody of the wildlife department.




