തലസ്ഥാനത്തെ നടുക്കിയ സ്വർണക്കവർച്ചയിൽ അടിമുടി ദുരൂഹത. നടന്നത് സ്വർണം പൊട്ടിക്കലെന്ന സംശയത്തിൽ പോലീസ്. കൊള്ളയടിച്ചത് 2കിലോ സ്വർണമെന്ന് ആദ്യം പറഞ്ഞ വ്യാപാരി പിന്നീട് 15 പവനെന്ന് മൊഴിമാറ്റി. കവർച്ച നടത്തിയവർ ബൈക്കിൽ പോയ വഴി പോലീസിനോട് തെറ്റിച്ച് പറഞ്ഞത് മനപൂർവമെന്നും സംശയം. 2കിലോ സ്വർണം തോളിൽ തൂക്കിയ സഞ്ചിയിൽ കൊണ്ടുപോയതും ബൈക്കിലെത്തിയവർ നിഷ്പ്രയാസം കൈക്കലാക്കിയതും സംശയകരമെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തിരക്കേറിയ ചാല മാർക്കറ്റിലെ സ്വർണക്കവർച്ചയിൽ ദുരൂഹതകൾ ഏറുകയാണ്. നടന്നത് സ്വർണക്കവർച്ചയല്ല, സ്വർണം പൊട്ടിക്കലാണെന്ന സംശയത്തിലാണ് പോലീസ്.
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്രിമിനൽ സംഘങ്ങൾ തട്ടിയെടുക്കുന്നതിനെയാണ് സ്വർണം പൊട്ടിക്കൽ എന്നു പറയുന്നത്.
തലസ്ഥാനത്തെ ചെറുകിട ജുവലറികളിലെ പഴയ സ്വർണം പുതുക്കാൻ ശേഖരിക്കുന്നയാളിൽ നിന്നാണ് സ്വർണം തട്ടിയത്. രണ്ടുകിലോ സ്വർണം തട്ടിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീടത് 15പവനാക്കി കുറച്ചതിലും പോലീസിന് സംശയമുണ്ട്.
ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ കവർച്ച നടന്ന രീതിയിലും പൊലീസിനു സംശയമുണ്ട്. കവർച്ചയ്ക്കിടയിൽ സ്കൂട്ടറിൽ സഞ്ചരിച്ച വ്യാപാരി റോഡിൽ വീഴാത്തത് എങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ബൈക്കിലെത്തിയ പ്രതികൾക്ക് വളരെ എളുപ്പത്തിൽ സ്വർണം കൈക്കലാക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്നതിലും വ്യക്തതയില്ല. മോഷ്ടാക്കൾ രക്ഷപെട്ട വഴി സംബന്ധിച്ച് വ്യാപാരി നൽകിയ മൊഴിയിലും അവ്യക്തതയുണ്ട്. വ്യാപാരി കാണിച്ചുകൊടുത്ത വഴിയിലൂടെയല്ല മോഷ്ടാക്കൾ പോയതെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. വ്യാപാരി മനപൂർവം തെറ്റായ വഴിപറഞ്ഞുകൊടുത്ത് പോലീസിനെ വഴിതെറ്റിച്ചതാണോയെന്നാണ് സംശയം.
കവർച്ച നടന്ന ദിവസം കടയിൽ വലിയ തോതിൽ കച്ചവടം നടന്നിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്.
മുൻകൂട്ടിയുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ ഉറച്ചവിശ്വാസം. മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ സ്വർണവുമായി വീട്ടിലേക്കു പോകുമെന്ന് അറിയാവുന്ന സംഘമാണ് കവർച്ച ആസൂത്രണം ചെയ്തത്.
ഇലക്ട്രിക് സ്കൂട്ടറിൽ പോയ നന്ദകുമാറിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ബാഗ് വലിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളെത്തിയ ഹോണ്ട ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കവർച്ചയിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾ നഗരത്തിലെത്തിയ സമയം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. നന്ദകുമാർ ജുവലറി പൂട്ടി പുറത്തിറങ്ങുന്ന കൃത്യമായ വിവരം ആരോ ഫോണിലൂടെ പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസിന്റെ സംശയം.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പെട്ടെന്ന് സ്ഥലത്തെത്തി കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ജുവലറിയിലേക്ക് സ്വർണം എത്തിച്ചുനൽകിയ ഏജന്റുമാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കവർച്ച നടന്ന ദിവസം പതിവിലും കൂടുതൽ സ്വർണം കൊണ്ടുപോയിരുന്നതായാണ് വിവരം. സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കവർച്ചാസംഘത്തിന് നേരത്തേ ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയും മർദ്ദിച്ചും സ്വർണം തട്ടിയെടുക്കുന്ന സ്വർണം പൊട്ടിക്കൽ മുൻപുമുണ്ടായിട്ടുണ്ട്. 2021 ആഗസ്റ്റിൽ ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശിയെ തട്ടിക്കൊണ്ടുപോയത് സ്വർണം പൊട്ടിക്കൽ സംഘമായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ പോലെ സ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തും തുടങ്ങിയതായി കണ്ടെത്തിയത്. കണ്ണൂരിലെ സംഘമായിരുന്നു കല്ലറ സ്വദേശിയെ തട്ടിക്കൊണ്ടുപോയത്.
2023 ഫെബ്രുവരിയിലും സമാന സംഭവമുണ്ടായി. ഗൾഫിൽ നിന്ന് വന്നയാളെ ചാക്കയിൽവച്ച് ആക്രമിച്ച് സ്വർണം പൊട്ടിച്ചതിന് കൊല്ലം സ്വദേശികളായ രണ്ടുപേരെ പേട്ട പൊലീസ് അറസ്റ്റുചെയ്തിരുന്നു.
കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദാലി (28) എന്നിവരായിരുന്നു പ്രതികൾ. കൊല്ലം സ്വദേശി വിദേശത്തുനിന്ന് കൊണ്ടുവന്ന 10 പവൻ സ്വർണം തട്ടിയെടുത്തെന്നായിരുന്നു പരാതിയെങ്കിലും ഗൾഫിൽ നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന ഒരുകിലോ സ്വർണം കവർന്നതായാണ് പൊലീസിന് കിട്ടിയ വിവരം. സ്വർണക്കള്ളക്കടത്ത് ലോബിയിൽപ്പെട്ട കൊടുവള്ളി സ്വദേശികൾക്കുവേണ്ടിയാണ് ഇത്രയും സ്വർണമെത്തിച്ചത്.
സ്വർണം ഏറ്റുവാങ്ങാൻ കൊടുവള്ളി സംഘമെത്തിയപ്പോഴാണ് ചാക്കയിലെ പെട്രോൾ പമ്പിൽവച്ച് തർക്കമുണ്ടായത്. തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്.
വിദേശത്തു നിന്ന് കൊണ്ടുവരുന്ന സ്വർണം മറ്റൊരു സംഘം തട്ടിയെടുക്കുന്ന രീതിയെയാണ് സ്വർണം പൊട്ടിക്കലെന്ന് പറയുന്നത്. നേരത്തെ കോഴിക്കോട്,കൊച്ചി വിമാനത്താവളങ്ങളിൽ സമാനമായ തരത്തിൽ സ്വർണം പൊട്ടിക്കൽ സംഭവങ്ങളുണ്ടായിട്ടുണ്ട്.
നഷ്ടപ്പെട്ട സ്വർണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പൊലീസും ജ്വല്ലറി ഉടമയും പറയുന്നത്. 2 കിലോ കവർന്നെന്ന് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയപ്പോൾ 15 പവനാണു നഷ്ടപ്പെട്ടതെന്ന് നന്ദകുമാർ മാധ്യമങ്ങളോടു പറഞ്ഞു.
പൊലീസിന്റെ കണക്ക് പ്രകാരം ഏകദേശം 250 പവൻ സ്വർണമാണു കവർന്നത്. പൊലീസ് പറയുന്നത് 2 കിലോ ആണല്ലോയെന്ന് ചോദിച്ചപ്പോൾ നന്ദകുമാർ വ്യക്തമായ ഉത്തരം നൽകിയില്ല. പല കടക്കാരുടെ സ്വർണമാണു ബാഗിലുണ്ടായിരുന്നതെന്നും പൊലീസിനു കൃത്യമായ കണക്ക് നൽകിയിട്ടുണ്ടെന്നും നന്ദകുമാറിനൊപ്പമുണ്ടായിരുന്ന വ്യാപാരികൾ പറയുന്നു.




