Skip to content
November 15, 2026
⌕

ആശാവർക്കർമാർക്ക് പ്രൊഫഷണൽ കരുത്തേകാൻ കേന്ദ്രസർക്കാർ സർട്ടിഫിക്കേഷൻ. രാജ്യമാകെ 10 ലക്ഷം പേർക്ക് പരിശീലനം. 200 മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പഠനപദ്ധതി തയ്യാർ. പരീക്ഷ വിജയിക്കുന്നവർക്ക് 5,000 രൂപ ഇൻസെന്റീവ്. കേരളത്തിൽ ആദ്യഘട്ടം വയനാട്ടിൽ

November 14, 2026
Share this post to

തിരുവനന്തപുരം: ഗ്രാമീണ ആരോഗ്യരംഗത്തെ നട്ടെല്ലായ ആശാവർക്കർമാരുടെ (ASHA) പ്രവർത്തനമികവും പ്രൊഫഷണൽ യോഗ്യതയും വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക സർട്ടിഫിക്കേഷൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. 

രാജ്യവ്യാപകമായി 10 ലക്ഷം ആശാപ്രവർത്തകർക്ക് വിദഗ്ദ്ധ പരിശീലനം നൽകിയ ശേഷം പരീക്ഷ നടത്തി ഔദ്യോഗിക സാക്ഷ്യപത്രം നൽകാനാണ് തീരുമാനം. കേരളത്തിൽ വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.


കേന്ദ്ര ആരോഗ്യമന്ത്രാലയം, നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ (NHSRC), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 200 മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പഠനപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 


ആശമാരുടെ അറിവും പ്രായോഗിക കഴിവും ശാസ്ത്രീയമായി വിലയിരുത്തുക, കൂടുതൽ മികച്ച ആരോഗ്യസേവനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കാൻ അവരെ പ്രാപ്തരാക്കുക, തൊഴിൽപരമായ യോഗ്യതയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പരിശീലനത്തിന് ശേഷം നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഒറ്റത്തവണ ഇൻസെന്റീവായി 5,000 രൂപ വീതം ലഭിക്കും. ആശാവർക്കർമാരുടെ ജോലികളെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചായിരിക്കും മികവ് വിലയിരുത്തുക. 


ആദ്യ വിഭാഗത്തിൽ മാതൃ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾ, കൗമാരക്കാരുടെ ആരോഗ്യം, പോഷകാഹാരം, മലമ്പനി-ക്ഷയരോഗ നിയന്ത്രണം എന്നിവയിലുള്ള വൈദഗ്ധ്യമാണ് പരിശോധിക്കുക.


രണ്ടാമത്തെ വിഭാഗത്തിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ നടപ്പാക്കുന്ന മറ്റ് അനുബന്ധ ആരോഗ്യ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും.

എഴുത്തുപരീക്ഷയ്ക്ക് പുറമെ പ്രായോഗിക പരീക്ഷയും (Practical Exam) ഉണ്ടായിരിക്കും. ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) വഴിയാണ് പാഠ്യപദ്ധതിയിലേക്കുള്ള ആശമാരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. 

പരിശീലന കേന്ദ്രങ്ങളും എൻ.എച്ച്.എം നിശ്ചയിക്കും. പരീക്ഷയ്ക്ക് നിശ്ചിത ഫീസ് ഉണ്ടായിരിക്കുമെങ്കിലും, ഇതിന്റെ കൃത്യമായ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

Get more updates from Pudukad News on Google