Skip to content
November 15, 2026
⌕

കാലിത്തീറ്റയ്ക്കും പരിപാലനത്തിനും ചെലവേറി; പാൽ വില വർധിപ്പിക്കണമെന്ന ആവശ്യവുമായി ക്ഷീരകർഷകർ. ഇ 20 പെട്രോളിനായി ചോളം ഉപയോഗിക്കുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്

November 14, 2026
Share this post to

കോട്ടയം: ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർന്നതോടെ കടുത്ത പ്രതിസന്ധിയിലായ ക്ഷീരകർഷകർ പാൽ വില വർധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത്. കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോൽ എന്നിവയുടെ വില വർധിച്ചതും പശുക്കളുടെ പരിപാലനച്ചെലവും മരുന്നുകളുടെ വിലയും കൂടിയതുമാണ് ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

നിലവിൽ സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്ന പാൽ വില പോലും മിൽമയിൽ നിന്നു ലഭിക്കുന്നില്ലെന്നു കർഷകർ പറയുന്നു.  കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

കാലിത്തീറ്റ ചാക്കിന് കഴിഞ്ഞ മാസങ്ങളിൽ  വില കൂടിയിരുന്നു. ഇതിനുപുറമെ, പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും  പ്രതികൂല കാലാവസ്ഥയും ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്.  ഇ 20 പെട്രോളിനായി ചോളം ഉപയോഗിക്കുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ​

കാലിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ തീറ്റവില  വർധിക്കാൻ കാരണമായി. ഇതിനുപുറമെ പിണ്ണാക്ക്, വൈക്കോൽ, മരുന്നുകൾ എന്നിവയുടെ വിലയും പശുക്കളുടെ പരിപാലനച്ചെലവും കൂടിയതോടെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

തൊഴിലാളികളുടെ കൂലി വർധിച്ചതും ചെറുകിട കർഷകർക്ക് വലിയ തിരിച്ചടിയായി. ഉൽപ്പാദനച്ചെലവിന് ആനുപാതികമായി പാൽ വില ലിറ്ററിന് ചുരുങ്ങിയത് അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് കർഷക സംഘടനകളുടെ പ്രധാന ആവശ്യം.

വില വർധനവ് നടപ്പിലാക്കിയില്ലെങ്കിൽ പലരും ഈ മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരും മിൽമയും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും, കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണമെന്നുമാണ് ക്ഷീരകർഷകരുടെ ആവശ്യം.

Get more updates from Pudukad News on Google