അമേരിക്കയിൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ വൻ സാങ്കേതിക തകരാർ. മുഴുവൻ വിമാന സർവീസുകളും നാല് മണിക്കൂർ നിർത്തിവെച്ചു. തടസ്സപ്പെട്ടത് 7,000-ത്തോളം വിമാനങ്ങൾ. സൈബർ ആക്രമണമില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി

വാഷിംഗ്ടൺ: അമേരിക്കയിൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തുടനീളം വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് (എഫ്.എ.എ) അടിയന്തരമായി വിമാനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ ഏകദേശം നാല് മണിക്കൂറുകൾക്ക് ശേഷം നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും രാജ്യത്തെ വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി.
യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരമൊരു അസാധാരണ നടപടി സ്വീകരിച്ചതെന്ന് എഫ്.എ.എ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ഏവിയേഷൻ ട്രാക്കിംഗ് വെബ്സൈറ്റായ ‘ഫ്ലൈറ്റ് അവെയറിന്റെ’ (FlightAware) കണക്കുകൾ പ്രകാരം ഏകദേശം 7,000-ത്തോളം വിമാന സർവീസുകളെയാണ് ഈ തടസ്സം സാരമായി ബാധിച്ചത്.
രാജ്യത്തുടനീളം വിമാന ഗതാഗതം നിയന്ത്രിക്കുന്ന 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെയാണ് തകരാർ ബാധിച്ചതെന്ന് അമേരിക്കൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. എഫ്.എ.എയിലെ സാങ്കേതിക വിദഗ്ധർ സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്.
അതേസമയം, ഈ സാങ്കേതിക തകരാറിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങളോ സൈബർ ആക്രമണങ്ങളോ ഉള്ളതായി ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കി.
2023 ജനുവരിയിൽ എഫ്.എ.എയുടെ പ്രധാന ‘നോട്ടാം’ (NOTAM) കമ്പ്യൂട്ടർ സംവിധാനം തകരാറിലായതിനെ തുടർന്ന് അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.
അതിനുമുമ്പ്, 2001 സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ശേഷമാണ് അമേരിക്കൻ വ്യോമയാന ചരിത്രത്തിൽ ഇത്തരത്തിൽ മുഴുവൻ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കിയത്.




