ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ റിലേ നിരാഹാര സമരം നവംബർ 16 മുതൽ; മുൻ മന്ത്രി ഡോ ആർ ബിന്ദു സമരം ഉദ്ഘാടനം ചെയ്യും

ഇരിങ്ങാലക്കുട : ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ റിലേ നിരാഹാര സമരത്തിലേക്ക് . നവംബർ 16 ന് രാവിലെ 10 ന് ബാങ്ക് ഹെഡ് പരിസരത്ത് ആരംഭിക്കുന്ന റിലേ നിരാഹാര സത്യാഗ്രഹം മുൻ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി അഡ്വ ആൻ്റണി തെക്കേക്കര , സെക്രട്ടറി ലിയോ പി ആൻ്റോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാധ്യതയില്ലാത്ത 125 കോടി നിക്ഷേപ തുകയുടെ 20 ശതമാനം തിരിച്ച് നൽകാനോ നഷ്ടത്തിൽ പോകുന്ന സഹകരണ സംഘങ്ങൾ നിക്ഷേപകരുടെ പണമെടുത്ത് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കരുതെന്ന സഹകരണ വകുപ്പിൻ്റെ സർക്കുലർ പാലിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ക്രമക്കേട് നടന്നിട്ടുള്ള 300 ൽ അധികം ഫയലുകളിൽ നടപടികൾ ആരംഭിച്ചിട്ടില്ല. അത്താണി ശാഖയിൽ നിന്നും 1 കോടി 38 ലക്ഷം രൂപ നഷ്ടപ്പെട്ട വിഷയത്തിൽ മാനേജർക്കും ജീവനക്കാർക്കുമെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കരുവന്നൂർ ബ്രാഞ്ചിൽ നിന്നും മണി , ഹിത എന്ന വ്യക്തികൾ വ്യാജ രേഖ ചമച്ചും തെറ്റായ വിലാസം നൽകിയും മൂന്ന് കോടി കൈപ്പറ്റിയ വിഷയത്തിൽ ഉത്തരവാദികളായ ബാങ്ക് ഡയറക്ടർമാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിച്ചിട്ടില്ല. പ്രവർത്തനരഹിതമായ എടിഎമ്മുകൾക്കായി പ്രതിവർഷം 45 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇവ അടച്ച് പൂട്ടണം. ഫൊറൻസിക് നടപടികൾ നേരിടുന്ന ഡയറക്ടർമാരുടെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കണം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സമരമുഖത്ത് എത്തുമെന്നും രൂപത ബിഷപ്പ് അടക്കമുള്ളവരെ വിളിക്കുമെന്നും ഡിവൈഡർ വിഷയത്തിൽ പ്രതികരിക്കുകയും എന്നാൽ ടൗൺ ബാങ്ക് നിക്ഷേപകരുടെ സങ്കടങ്ങൾ കാണാതിരിക്കുകയും ചെയ്യുന്ന സെൻ്റ് തോമസ് കത്തീഡ്രൽ വികാരിയുടെ നിലപാട് ശരിയല്ലെന്നും ഇവർ പറഞ്ഞു. ട്രഷറർ സഞ്ജീവൻ, ജോയിൻ്റ് സെക്രട്ടറി ടോയ് വാറുണ്ണി, എക്സിക്യൂട്ടീവ് അംഗം പ്രദീഷ് തിരുപ്പതി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു




