ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് അവകാശമില്ല; വാജി വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജി തള്ളി ഹൈക്കോടതി, 2012ലെ ദേവസ്വം സർക്കുലറും റദ്ദാക്കി

കൊച്ചി: ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ക്ഷേത്രത്തിന് സമർപ്പിക്കുന്ന വസ്തുക്കൾ അതത് ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും പഴയ കൊടിമരങ്ങളിലെ വാജി വാഹനത്തിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശം അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വാജി വാഹനം ഉൾപ്പെടെയുള്ള ക്ഷേത്രസ്വത്തുക്കളിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് അഖില തന്ത്രി പ്രചാര സഭ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട് 2012ൽ ദേവസ്വം പുറത്തിറക്കിയ സർക്കുലറും കോടതി റദ്ദാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾക്കാണ് ഉത്തരവ് ബാധകമാകുക.
വാജി വാഹനം കൈമാറുന്നത് പുരാതനകാലം മുതൽ പിന്തുടർന്നുവരുന്ന ആചാരവും കീഴ്വഴക്കവുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. തന്ത്രസമുച്ചയത്തിന്റെ അടിസ്ഥാനത്തിൽ വാജി വാഹനത്തിൽ തന്ത്രിമാർക്ക് അവകാശമുണ്ടെന്നും അഖില തന്ത്രി പ്രചാര സഭ കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ തന്ത്രിമാർക്ക് നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ദക്ഷിണയും മറ്റ് ആനുകൂല്യങ്ങളും ദേവസ്വം സ്വത്തുക്കളിൽനിന്ന് വ്യത്യസ്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്ഷേത്രത്തിലെ ആചാരപരമായ ചുമതലകൾ നിർവഹിക്കുന്നു എന്ന കാരണത്താൽ മാത്രം ദേവന് സമർപ്പിച്ച വസ്തുക്കളിൽ തന്ത്രിക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.




