Skip to content
November 15, 2026
⌕

‘മാസം വെറും 999 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ’; ഇ.എം.ഐ പരസ്യങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണി തുറന്നുകാട്ടി പഠനം. പ്രതിമാസ ഗഡുക്കൾ ഉപഭോക്താക്കളിൽ കൃത്രിമ വാങ്ങൽ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. ആകെ വില നോക്കി സാധനങ്ങൾ വാങ്ങുന്നത് 25.8 ശതമാനം പേർ മാത്രം

November 15, 2026
Share this post to

തിരുവനന്തപുരം: “മാസം വെറും 999 രൂപ മാത്രം നൽകിയാൽ പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം…” – ഓൺലൈൻ ഷോപ്പിങ് ആപ്പുകളിലും പരസ്യങ്ങളിലും വ്യാപകമായി കാണുന്ന ഇത്തരം ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണി തുറന്നുകാട്ടി പുതിയ പഠന റിപ്പോർട്ട്. 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, പ്രതിമാസം നൽകേണ്ട ചെറിയ ഗഡുക്കൾ (ഇ.എം.ഐ) സാധനങ്ങൾക്ക് യഥാർത്ഥത്തിലുള്ളതിനേക്കാൾ വിലക്കുറവുണ്ടെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.

സർവേയിൽ പങ്കെടുത്ത 90.3 ശതമാനം പേരും ഇ.എം.ഐ പരസ്യങ്ങളുടെ ‘ഫ്രെയിമിങ്’ രീതികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സമ്മതിച്ചു. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ആകെ തിരിച്ചടവ് തുക മറച്ചുവെച്ച് പ്രതിമാസ ഗഡു മാത്രം എടുത്തുകാണിക്കുമ്പോൾ, അത് ഉപഭോക്താവിൽ കൃത്രിമമായ വാങ്ങൽ ശേഷി പ്രവണത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇ.എം.ഐയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള പൊതുവായ അറിവും, സാധനങ്ങൾ വാങ്ങുന്ന സമയത്തെ ഉപഭോക്താക്കളുടെ പെരുമാറ്റവും തമ്മിൽ വലിയ അന്തരമുണ്ടെന്നും പഠനം പറയുന്നു.

ഇ.എം.ഐ പരസ്യങ്ങൾ കെണിയാണെന്ന് അറിയാവുന്നവർ പോലും മൊബൈൽ ഫോണോ ലാപ്‌ടോപ്പോ വാങ്ങാൻ തീരുമാനിച്ചാൽ, ഉൽപ്പന്നത്തിന്റെ ആകെ വിലയേക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് പ്രതിമാസ തുകയിലാണ്. സർവേയിൽ പങ്കെടുത്ത 45.2 ശതമാനം പേരും ശ്രദ്ധിച്ചത് പ്രതിമാസ ഗഡു തുകയിലാണ്. ആകെ വില നോക്കി തീരുമാനമെടുത്തത് വെറും 25.8 ശതമാനം പേർ മാത്രമാണ്. 

കൂടാതെ, 41.9 ശതമാനം പേർ ഉൽപ്പന്നം വാങ്ങാൻ തങ്ങൾക്ക് സാമ്പത്തിക ശേഷിയുണ്ടോ എന്ന് വിലയിരുത്തിയത്, മാസഗഡു തങ്ങളുടെ പ്രതിമാസ ബജറ്റിൽ ഒതുങ്ങുന്നുണ്ടോ എന്നത് മാത്രം പരിശോധിച്ചാണ്.

ഒറ്റയടിക്ക് വലിയ തുക നൽകുമ്പോഴുണ്ടാകുന്ന മാനസിക പ്രയാസം (പെയിൻ ഓഫ് പേയിങ്) മാസംതോറുമുള്ള ചെറിയ ഗഡുക്കളാകുമ്പോൾ അനുഭവപ്പെടില്ലെന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. 

വായ്പാ ഇടപാടുകളിൽ പലിശ നിരക്കുകളും മറ്റ് നിബന്ധനകളും ഉപഭോക്താക്കൾക്ക് മുന്നിൽ വ്യക്തമാക്കണമെന്ന് റിസർവ് ബാങ്കിന്റെ കർശന മാർഗനിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴാണ്, പരസ്യങ്ങളിലൂടെ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകൾ തുടരുന്നത്.

 

 

 

 

Get more updates from Pudukad News on Google