Skip to content
November 17, 2026
⌕

ചികിത്സാപിഴവിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; അബ്ദുൾ ജബ്ബാർ ഗവ. ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം. പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു

November 17, 2026
Share this post to

പറവൂർ: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാർ ആശുപത്രിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. 

ചികിത്സാപിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഈ ആവശ്യമുന്നയിച്ച് അബ്ദുൾ ജബ്ബാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറവൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

ആശുപത്രിയിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് 40 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്നും, ആരോഗ്യ വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇതുവരെയും തന്റെ മൊഴിയെടുത്തിട്ടില്ലെന്നും അബ്ദുൾ ജബ്ബാർ ആരോപിച്ചു. ആശുപത്രി സൂപ്രണ്ട് ആഷ കെ. ജോണിനെ പദവിയിൽ നിന്ന് മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. 

ഇതിനിടെ, സമരം ചെയ്യുന്ന അബ്ദുൾ ജബ്ബാറുമായി നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരനും ചർച്ച നടത്തിയെങ്കിലും, തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലും അബ്ദുൾ ജബ്ബാറിന്റെ കാൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം ചർച്ചയായി.

ചികിത്സാപിഴവിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് സി.എ. രാജീവും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദനും യോഗത്തിൽ ആവശ്യപ്പെട്ടു.

സമരത്തിലിരിക്കുന്ന അബ്ദുൾ ജബ്ബാറിനെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ സന്ദർശിച്ച് പിന്തുണയറിയിച്ചു.

Get more updates from Pudukad News on Google