Skip to content
November 17, 2026
⌕

ഡൽഹി മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവെപ്പ്; 26കാരൻ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അക്രമികൾ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ടുവെന്ന് വിവരം

November 17, 2026
Share this post to

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ബജൂരി ഖാസിയിൽ ഡൽഹി മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപമുണ്ടായ വെടിവെപ്പിൽ യുവാവിന് ദാരുണാന്ത്യം. 

മുസ്തഫാബാദ് സ്വദേശി സമീർ(26) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സമീറിനു നേരെ വെടിയുതിർത്തത്. സീറോ പുസ്‌തയ്ക്ക് സമീപമായിരുന്നു സംഭവം. 

യുവാവിന് നേരെ ഇരുപത് തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. 

സ്കൂട്ടറിൽ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സമീറിനെ ലക്ഷ്യമിട്ട് അക്രമികൾ വെടിവെക്കുകയായിരുന്നു. നിരവധി വെടിയുണ്ടകൾ ശരീരത്തിൽ തറച്ച സമീറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ എംഎൽഎ ഓഫീസിന് സമീപമാണ് വെടിയുതിർത്തത്. എന്നാൽ സംഭവത്തിന് മന്ത്രിയുമായോ രാഷ്ട്രീയ പാർട്ടികളുമായോ ബന്ധമില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. 

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. പഴയ വ്യക്തിവൈരാഗ്യമോ ശത്രുതയോ ആണോ കൊലപാതക കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

മുസ്തഫാബാദിൽനിന്ന് സീറോ പുസ്‌ത പ്രദേശത്ത് സമീർ എന്തിനാണ് എത്തിയതെന്നും പൊലീസ് പരിശോധിക്കും. പ്രതികൾ രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

സംഭവസ്ഥലത്തെത്തിയ ക്രൈം ബ്രാഞ്ചും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Get more updates from Pudukad News on Google