കുടുംബത്തിന്റെ കണ്ണുവെട്ടിച്ച് വർഷങ്ങളായി മീൻ കഴിച്ചു; തൊണ്ടയിൽ മുള്ള് കുടുങ്ങിയതോടെ 77കാരന്റെ രഹസ്യം പുറത്ത് | 77-year-old man fish bone stuck in throat

കാൺപൂർ: കുടുംബത്തിലെ ആരും അറിയാതെ വർഷങ്ങളായി മീൻ കഴിച്ചിരുന്ന 77കാരന്റെ രഹസ്യം ഒടുവിൽ പുറത്തായി (77-year-old man fish bone stuck in throat). മീൻ കഴിക്കുന്നതിനിടെ തൊണ്ടയിൽ മുള്ള് കുടുങ്ങിയതോടെയാണ് വീട്ടുകാരറിയാതെ സൂക്ഷിച്ചിരുന്ന ശീലം പുറത്തുവന്നത്. ഏഴ് ദിവസത്തോളം തൊണ്ടയിൽ മുള്ളുമായി ബുദ്ധിമുട്ടിയ വയോധികന്റെ മുള്ള് ഒടുവിൽ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു.
കാൺപൂരിലെ ബര്രയിൽ താമസിക്കുന്ന ഗംഗാ ബക്ഷിനാണ് ഈ ദുരനുഭവമുണ്ടായത്. മീൻ കഴിക്കാൻ ഏറെ ഇഷ്ടമായിരുന്നെങ്കിലും കുടുംബത്തിലെ എല്ലാവരും സസ്യാഹാരികളായതിനാൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ചായിരുന്നു അദ്ദേഹം മീൻ കഴിച്ചിരുന്നത്.
ഒക്ടോബർ 25ന് മീൻ കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ മുള്ള് കുടുങ്ങിയത്. ഇതോടെ ഭക്ഷണം കഴിക്കാനോ വെള്ളം ഇറക്കാനോ കഴിയാത്ത അവസ്ഥയിലായി. ആദ്യം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മുള്ള് പുറത്തെടുക്കാൻ സാധിച്ചില്ല.
രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാർ ചോദിച്ചപ്പോൾ കുടുംബം തങ്ങൾ പൂർണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്നും വീട്ടിൽ ആരും മീൻ കഴിക്കാറില്ലെന്നും അറിയിച്ചു. എന്നാൽ പരിശോധനയിൽ തൊണ്ടയിൽ കുടുങ്ങിയത് മത്സ്യത്തിന്റെ മുള്ളാണെന്ന് വ്യക്തമായതോടെ വയോധികന്റെ രഹസ്യഭക്ഷണശീലം പുറത്തായി.
തുടർന്ന് കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് തൊണ്ടയിൽ കുടുങ്ങിയ മുള്ള് വിജയകരമായി പുറത്തെടുത്തത്. ഇതോടെ കുടുംബത്തെ അറിയിക്കാതെ മീൻ കഴിച്ചിരുന്ന 77കാരന്റെ രഹസ്യം വീട്ടുകാരും അറിഞ്ഞു.
Story Summary:
A 77-year-old man in Kanpur was caught secretly eating fish after a fish bone got stuck in his throat for seven days. Doctors at Lala Lajpat Rai Hospital eventually removed the bone, revealing his long-kept secret to his strictly vegetarian family.




