മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനം ഉന്നയിച്ചതിനാണ് ആക്രമണമെന്ന് ആക്ഷേപം. സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിലുള്ളവർ തന്നെയാണെന്ന് കെ.സി. വേണുഗോപാൽ വിഭാഗം

കൊച്ചി: മന്ത്രിസഭാ യോഗത്തിലുണ്ടായ തർക്കത്തിന് പിന്നാലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യോഗത്തിൽ വിമർശനം ഉന്നയിച്ച വൈദ്യുതി മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫിനും, മന്ത്രിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ എ.പി. അനിൽകുമാറിനുമെതിരെയാണ് വ്യാപകമായ അധിക്ഷേപ കമന്റുകൾ ഉയരുന്നത്.
ഈ നീക്കത്തിന് പിന്നിൽ പാർട്ടിയിലുള്ളവർ തന്നെയാണെന്നാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നും യാതൊരു കൂടിയാലോചനകളും നടക്കുന്നില്ലെന്നും എ.പി. അനിൽകുമാർ തുറന്നടിച്ചിരുന്നു.
കെ.പി.സി.സി പ്രസിഡന്റായ താൻ പോലും പല കാര്യങ്ങളും അറിയുന്നില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫും സമാനമായ അഭിപ്രായം യോഗത്തിൽ ആവർത്തിച്ചു.
മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായ കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ സൈബർ ആക്രമണം ശക്തമായത്.
എ.പി. അനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പുകൾക്ക് താഴെ ഗ്രൂപ്പ് കളിച്ചാൽ അടുത്ത തവണ നിയമസഭ കാണില്ലെന്നും പത്തുവർഷം പ്രതിപക്ഷത്തിരുന്നപ്പോൾ കണ്ടില്ലെന്നും തുടങ്ങി കടുത്ത വിമർശനങ്ങളാണ് നിറയുന്നത്.
‘വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രി’ എന്നും, മുഖ്യമന്ത്രിയെ മര്യാദയ്ക്ക് ഭരിക്കാൻ അനുവദിക്കണമെന്നും പറഞ്ഞാണ് സണ്ണി ജോസഫിനെതിരെ അധിക്ഷേപ കമന്റുകൾ പ്രചരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന വിഭാഗം ചില നേതാക്കളെ ബോധപൂർവ്വം കരിവാരിത്തേക്കാൻ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് സണ്ണി ജോസഫ് വിഭാഗവും കെ.സി. പക്ഷ നേതാക്കളും ആരോപിക്കുന്നു.
നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനും, അദ്ദേഹത്തെ പിന്തുണച്ച ജെബി മേത്തർ എം.പിക്കുമെതിരെയും സമാനമായ സൈബർ ആക്രമണം നടന്നിരുന്നു.
തുടർന്ന് ജെബി മേത്തർ പോലീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെയും കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നു.




