അമിത മെര്‍ക്കുറി അടങ്ങിയ ഫെയര്‍നസ് ക്രീമുകള്‍ക്കെതിരെ കര്‍ശന നടപടി; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്, ഇന്‍ഫ്ലുവന്‍സര്‍മാര്‍ പ്രമോഷനായി ടാഗ് ചെയ്തിരുന്ന ക്രീമിന്റെ ഇന്‍സ്റ്റാഗ്രാം പേജ് അപ്രത്യക്ഷം

തിരുവനന്തപുരം: അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നസ് ക്രീമുകളുടെ ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്ന പരസ്യങ്ങളാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കാരണമാകുന്നത്. വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിപണിയിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫെയര്‍നസ് ക്രീമിന്റെ ഉപയോഗത്തെത്തുടര്‍ന്ന് മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, ഇന്‍ഫ്ലുവന്‍സര്‍മാര്‍ പ്രമോഷനായി ടാഗ് ചെയ്തിരുന്ന ഈ ക്രീമിന്റെ ഇന്‍സ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഒരു വര്‍ഷത്തോളം ക്രീം സ്ഥിരമായി ഉപയോഗിച്ച പെണ്‍കുട്ടിക്കാണ് ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന വൃക്കരോഗം കണ്ടെത്തിയത്.
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനായി ക്രീം ഉപയോഗിച്ചു തുടങ്ങിയ പെണ്‍കുട്ടിക്ക് പിന്നീട് കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തില്‍ നീരും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മെര്‍ക്കുറിയുടെ അളവ് അമിതമാണെന്ന് കണ്ടെത്തി. പിന്നീട് ക്രീം കേന്ദ്ര ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയ അളവില്‍ മെര്‍ക്കുറി ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമായത്.
ക്രീം ഉപയോഗത്തിലൂടെ ശരീരത്തില്‍ എത്തുന്ന മെര്‍ക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. സമയബന്ധിതമായി ചികിത്സ നല്‍കിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.




