Skip to content
November 22, 2026
⌕

സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മെറ്റയുടെ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ളവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചതിനായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെ 15 മിനിറ്റിനുള്ളിൽ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് മെറ്റ

November 21, 2026
Share this post to

ഹൈദരാബാദ്: സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തെലങ്കാനയിലെ ഹൈദരാബാദിലുള്ള മെറ്റയുടെ (Meta) ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ എത്തിയ ഇരുപതിലധികം പ്രവർത്തകർ ഓഫീസിലെ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയുമായിരുന്നു. മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ്മ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് മെറ്റ നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴു ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ രാജ്യത്തെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടിക്കുമെന്നും കോടതികളിലും തെരുവുകളിലും പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് എക്‌സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയുടെ ഭരണഘടനയാണ് മെറ്റ പാലിക്കേണ്ടതെന്നും അല്ലാതെ ബി.ജെ.പിയുടെ ഉത്തരവുകളല്ലെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, പ്രതിഷേധം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ ദേശീയ പ്രസിഡന്റിന്റെയും മറ്റ് ഭാരവാഹികളുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു.

സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് ഗുണ്ടകളുടെ പാർട്ടിയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് അവരെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ തകർക്കുന്നതാണ് കോൺഗ്രസിന്റെ മാതൃകയെന്നും, ലോക എ.ഐ ഉച്ചകോടിക്കിടെ നഗ്നരായി പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിച്ചവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം വിമർശിച്ചു.

Get more updates from Pudukad News on Google