Skip to content
November 22, 2026
⌕

കരിയറിന്റെ തുടക്കത്തിൽ കേട്ടത് ‘അഞ്ച്, ആറ് വർഷം കഴിഞ്ഞാൽ വിവാഹം’; 20 വർഷം പിന്നിട്ടതിൽ സന്തോഷമെന്ന് പാർവതി തിരുവോത്ത് | Parvathy Ranjini Haridas interview

November 21, 2026
Share this post to
Parvathy Ranjini Haridas interview

സിനിമാ കരിയറിൽ 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ അഞ്ച്, ആറ് വർഷം മാത്രമേ തുടരാനാകൂ, അതുകഴിഞ്ഞാൽ വിവാഹം കഴിക്കണമെന്ന തരത്തിലുള്ള ഉപദേശങ്ങൾ പലരിൽ നിന്നും കേട്ടിരുന്നുവെന്നും പാർവതി പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ താരം പങ്കുവെച്ചത്.
20 വർഷം എന്നത് തനിക്ക് വലിയ നേട്ടവും സന്തോഷവുമാണെന്ന് പാർവതി പറഞ്ഞു. (Parvathy Ranjini Haridas interview)

കരിയറിന്റെ തുടക്കത്തിൽ തന്നെ സിനിമയിൽ തുടരാനുള്ള കാലപരിധിയെക്കുറിച്ച് മറ്റുള്ളവർ അഭിപ്രായപ്പെട്ടത് തന്നെ അസ്വസ്ഥയാക്കിയിരുന്നു. എന്നാൽ റെക്കോർഡ് സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയല്ല താൻ മുന്നോട്ടുപോയതെന്നും അത്തരം അഭിപ്രായങ്ങൾ തന്നിൽ ദേഷ്യമുണ്ടാക്കിയിരുന്നുവെന്നും താരം വ്യക്തമാക്കി.
കരിയറിന്റെ ആദ്യ മൂന്ന് വർഷത്തിനിടെ തമിഴിലും തെലുങ്കിലും ഐറ്റം സോങുകൾ ചെയ്താൽ പണം സമ്പാദിക്കാമെന്നും മലയാളത്തിൽ അഭിനയിക്കുന്നത് അഭിനയമികവിനും ഉള്ളടക്കത്തിനും വേണ്ടിയാകാമെന്നും നിർദേശിച്ച ഒരാളുമായുള്ള അനുഭവവും പാർവതി പങ്കുവച്ചു. എന്നാൽ അത്തരം തന്ത്രങ്ങൾ പിന്തുടരാൻ തനിക്ക് താൽപര്യമില്ലായിരുന്നു. ആ നിർദേശത്തോട് വിയോജിച്ച് ആ വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും പിന്നീട് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനാണ് ശ്രമിച്ചതെന്നും താരം പറഞ്ഞു.

സിനിമകളിൽ തിരക്കഥ ആവശ്യപ്പെടുന്നതും കഥാപാത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതും സ്വാഭാവികമായ കാര്യമാണ്. വീട്ടിൽ പാചകത്തിന് എത്തുന്ന വ്യക്തിയോട് ഫ്രിഡ്ജിലുള്ള സാധനങ്ങൾ പറഞ്ഞുകൊടുക്കുന്നതുപോലെ മാത്രമാണ് താൻ സിനിമയുടെ കാര്യങ്ങളിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും അതിൽ എന്തിനാണ് ഈഗോ കാണിക്കുന്നതെന്നും പാർവതി ചോദിച്ചു. സിനിമയുടെ ഭാഗമാകാൻ എത്തുന്ന ഒരാളുടെ ആവശ്യങ്ങൾ ചോദിക്കുന്നത് തെറ്റല്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘നിങ്ങളെ ലോഞ്ച് ചെയ്യാം’ എന്ന തരത്തിലുള്ള പ്രയോഗങ്ങളോടും പാർവതി വിയോജിപ്പ് പ്രകടിപ്പിച്ചു. താൻ റോക്കറ്റല്ലെന്നും ആരും തന്നെ ലോഞ്ച് ചെയ്യുകയല്ലെന്നും സിനിമയിൽ കലാപ്രവർത്തനത്തിനായാണ് എത്തുന്നതെന്നും താരം പറഞ്ഞു. ഒരു കലാസൃഷ്ടി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. എന്നാൽ അതിന്റെ പേരിൽ കലാകാരന്റെ ബുദ്ധിയെയും അഭിപ്രായങ്ങളെയും ചെറുതായി കാണേണ്ടതില്ലെന്നും പാർവതി വ്യക്തമാക്കി.

Summary: Parvathy Thiruvothu celebrates completing 20 years in cinema, reflecting on early career advice that women actors should retire after five or six years and marry. She also spoke about rejecting commercial strategies and asserting her independence and creative choices.

Get more updates from Pudukad News on Google