Skip to content
November 22, 2026
⌕

ഭീകര രാഷ്ട്രത്തെ കൂട്ടുപിടിച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ‘കമ്യൂണിസ്റ്റു’കളുടെ കുതന്ത്രങ്ങള്‍: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ കാലത്ത് പാകിസ്താന് ചൈനയുടെ സൈനികസഹായം, അമേരിക്കയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍

November 21, 2026
Share this post to

ഇന്ത്യയുടെ വളര്‍ച്ചയും തന്ത്രപരമായ സ്വാധീനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് 2025-ലെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് ‘കമ്യൂണിസ്റ്റ്’ ചൈന പാകിസ്താനു പിന്തുണ നല്‍കിയതെന്ന് അമേരിക്കയിലെ കോണ്‍ഗ്രസ് കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട്.

നേരിട്ട് യുദ്ധത്തില്‍ ഇറങ്ങാതെ തന്നെ, പ്രതിസന്ധി ഘട്ടങ്ങളില്‍ പാകിസ്താന്റെ സൈനിക കരുത്ത് വര്‍ധിപ്പിക്കാന്‍ ചൈനയ്ക്ക് എങ്ങനെ സാധിച്ചു എന്നതിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. എന്താണ് ഈ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍? 


പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ 2025-ല്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിയിലേക്കു നീങ്ങിയത്. 


ആ സംഘര്‍ഷവേളയില്‍ പാകിസ്താന്‍ വ്യോമസേന ഉപയോഗിച്ച ജെ-10സിഇ പോലുള്ള യുദ്ധവിമാനങ്ങളുടെ പൂര്‍ണശേഷി ഉറപ്പാക്കാന്‍ ചൈനീസ് എഞ്ചിനീയര്‍മാരുടെ നേരിട്ടുള്ള സാങ്കേതിക സഹായം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 


ചൈനീസ് എഞ്ചിനീയര്‍ ഷാങ് ഹെങ് ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, സംഘര്‍ഷസമയത്ത് പാകിസ്താന്‍ വ്യോമസേനയ്ക്ക് സാങ്കേതിക പിന്തുണ നല്‍കിയ സംഘത്തില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

അതോടൊപ്പം, ഇന്ത്യയുടെ സൈനിക വിന്യാസങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും ചൈന പാകിസ്താന് കൈമാറിയതായി ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്ന കാര്യവും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.


ചൈനയും പാകിസ്താനും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ആഴത്തിലാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘ദ്വിമുഖ യുദ്ധസാധ്യത’ എന്ന സുരക്ഷാ വെല്ലുവിളി വര്‍ധിപ്പിക്കുന്നു എന്ന് യുഎസ് പാനല്‍ മുന്നറിയിപ്പ് നല്‍കുന്നു. 


അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കൊപ്പം പാകിസ്താനുമായുള്ള സൈനിക നീക്കങ്ങളും ചേരുമ്പോള്‍, അത് ഇന്ത്യയുടെ സുരക്ഷയില്‍ വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ട്.


സൈനിക രംഗത്ത് മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിര്‍ണായക വ്യാവസായിക ഉല്‍പ്പന്നങ്ങളിലും സാങ്കേതികവിദ്യയിലും സമ്മര്‍ദം കൊണ്ടുവരികയാണു ലക്ഷ്യം.


ചൈനയുടെ വിവിധങ്ങളായ തന്ത്രങ്ങളെ നേരിടാന്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.


കേവലം സൈനിക അഭ്യാസങ്ങള്‍ക്കപ്പുറം, രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് നാവിക-അന്തര്‍വാഹിനി നീക്കങ്ങളുടെ സംയുക്ത നിരീക്ഷണം, പ്രതിരോധ സാങ്കേതികവിദ്യയിലും വിതരണ ശൃംഖലകളിലുമുള്ള സഹകരണം എന്നിവയാണ് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. 


യുഎസ് സഖ്യകക്ഷികള്‍ക്ക് പുറത്ത്, ഏഷ്യയില്‍ ചൈനയുമായുള്ള ദീര്‍ഘകാല മത്സരത്തെ കാര്യമായി സ്വാധീനിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില ശക്തികളില്‍ ഒന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍, പ്രാദേശിക സംഘര്‍ഷങ്ങളെപ്പോലും തന്ത്രപരമായി ഉപയോഗിച്ച് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കാനുള്ള ചൈനയുടെ നീക്കങ്ങളെയാണ് റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത്. വരുംകാലങ്ങളില്‍ ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സമവാക്യങ്ങളിലും നയതന്ത്ര നീക്കങ്ങളിലും ഈ വിലയിരുത്തലുകള്‍ വലിയ സ്വാധീനം ചെലുത്തിയേക്കാം.

Get more updates from Pudukad News on Google