Skip to content
November 22, 2026
⌕

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ചിത്രത്തിനെതിരെ വിഎച്ച്പി; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യം | Ramayana Rise of a Legend

November 21, 2026
Share this post to

ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ( Ramayana Rise of a Legend) എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ചിത്രത്തിന്റെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പ്രദർശനം നിർത്തിവയ്ക്കണമെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്‌റംഗ് ലാൽ ബഗ്ര ആവശ്യപ്പെട്ടു.

വാൽമീകി രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിലെ പല ഭാഗങ്ങളും ഇതിഹാസത്തെ വളച്ചൊടിക്കുന്നതാണെന്നാണ് ബഗ്രയുടെ ആരോപണം. കെട്ടിച്ചമച്ച കഥകൾ ഉൾപ്പെടുത്തുകയും പ്രധാന കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാവണന്റെ അവതരണത്തിനെതിരെയും വിമർശനം

ചിത്രത്തിൽ രാവണനെ അവതരിപ്പിച്ചിരിക്കുന്ന രീതിയെയും ബജ്‌റംഗ് ലാൽ ബഗ്ര രൂക്ഷമായി വിമർശിച്ചു. അറിവും ഭക്തിയും ശക്തിയുമുണ്ടായിരുന്ന രാവണൻ അഹങ്കാരത്താൽ നയിക്കപ്പെട്ട അധാർമികനായിരുന്നുവെന്നും സകല ജീവജാലങ്ങളെയും പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തിന്റെ വിവിധ പതിപ്പുകളിലും ഇക്കാര്യം വ്യക്തമാണെന്നാണ് ബഗ്രയുടെ വാദം.

എന്നാൽ ചിത്രത്തിൽ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ രാവണനെ മഹത്വവൽക്കരിച്ചെന്നും ശ്രീരാമനിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബഗ്ര പറഞ്ഞു.

വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹിക-രാഷ്ട്രീയ ജീവിതം എന്നിവയെ നയിക്കുന്ന ധാർമിക മൂല്യങ്ങളും തത്വങ്ങളും സ്ഥാപിക്കുന്ന കൃതിയാണ് രാമായണമെന്നും അതിനെ ഇത്തരത്തിൽ വികലമാക്കുന്നത് സമൂഹത്തിന്റെ ധാർമിക അടിത്തറയ്ക്കുനേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന വേഷങ്ങളിൽ രൺബീറും സായ് പല്ലവിയും

നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നമിത് മൽഹോത്രയും യഷും ചേർന്നാണ് നിർമിച്ചത്. ചിത്രത്തിൽ രാവണനായി യഷ് എത്തുമ്പോൾ രൺബീർ കപൂറാണ് ശ്രീരാമനെ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് സീതയുടെ വേഷത്തിലെത്തുന്നത്.

നവംബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫിസിൽ ഏകദേശം 1,586 കോടി രൂപയുടെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 893 കോടി രൂപ ഇന്ത്യയിലെ നെറ്റ് കളക്ഷനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Summary:
The Vishva Hindu Parishad (VHP) has criticised the film Ramayana: Rise of a Legend, demanding cancellation of its censor certificate and a halt to its screening. VHP General Secretary Bajrang Lal Bagra alleged that the film distorts the Valmiki Ramayana, introduces fabricated elements and glorifies Ravana. The film, directed by Nitesh Tiwari, features Ranbir Kapoor as Lord Rama, Sai Pallavi as Sita and Yash as Ravana.

Get more updates from Pudukad News on Google