ഇതുവരെ 12,000 ആളുകള്‍ വന്നു; കോഴിക്കോട് വീണ്ടും അവിവാഹിതര്‍ക്കുള്ള പ്രത്യേക വിവാഹ രജിസ്ട്രേഷന് ക്യാമ്പ്, അപേക്ഷകരില്‍ ഭൂരിഭാഗവും പുരുഷന്മാര്

കോഴിക്കോട്: കോഴിക്കോട് വീണ്ടും അവിവാഹിതര്‍ക്കുള്ള പ്രത്യേക വിവാഹ രജിസ്ട്രേഷന് ക്യാമ്പ്. കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തിലാണ് ഇപ്പോള്‍ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 മണി വരെയാണ് ഇന്നത്തെ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം ക്ഷേത്രത്തില്‍ ഒരു ക്യാമ്പ് നടന്നിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയായിരുന്നു ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്നേദിവസം 7000ത്തോളം പേര് ക്യാമ്പിലെത്തുകയും രാത്രി വരെ രജിസ്ട്രേഷന് നീളുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ഫോം പ്രചരിക്കുകയും നിരവധിയാളുകള്‍ ആ ഫോമുകളും പൂരിപ്പിച്ച് നല്കി. ഇതിനോടകം 12000ലധികം ഫോമുകളാണ് ക്ഷേത്രത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് ക്ഷേത്രംഭാരവാഹികള്‍ അറിയിച്ചു. ഇതിന് പുറമേയാണ് ഇന്ന് വീണ്ടും വിവാഹ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ക്യാമ്പ് തുടങ്ങിയിരുന്നു. ഇതുവരെ 400 ഓളം രജിസ്ട്രേഷനുകള്‍ ആയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപേക്ഷകരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. കഴിഞ്ഞ തവണ ലഭിച്ച അപേക്ഷകള്‍ തരംതിരിക്കുന്ന നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡിസംബര്‍ ആറിന് തരംതിരിക്കലുകള്‍ പൂര്‍ത്തിയാക്കി എല്ലാവര്ക്കും മറുപടി കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. യുവതികള്ക്കായിട്ട് പ്രത്യേകം ക്യാമ്പ് സംഘടിപ്പിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.




