അമിത അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗം: ഗുരുതര വൃക്കരോഗം പിടിപെട്ട ദുരനുഭവം പങ്കുവെച്ച് ഗായകൻ സലീം കോടത്തൂർ | Saleem Kodathoor

മലപ്പുറം: അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. ഫെയർനെസ് ക്രീം ഉപയോഗത്തെ തുടർന്ന് 17 വയസ്സുകാരിക്ക് വൃക്കരോഗം വന്ന വാർത്തകൾ ചർച്ചയാകുന്നതിനിടെയാണ്, സമാനമായ ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന രോഗാവസ്ഥ തനിക്കും ഉണ്ടായതായി അദ്ദേഹം തുറന്നുപറഞ്ഞത്.(Saleem Kodathoor reveals serious kidney disease caused by mercury laden fairness cream)
ഫെയർനെസ് ക്രീം ഉപയോഗിച്ച് ആദ്യ ദിവസങ്ങളിൽ ചർമ്മത്തിന് നിറം വരുന്നതായി കണ്ടെങ്കിലും, പിന്നീട് സ്ഥിതി മാറുകയും മുൻപത്തേക്കാൾ രൂക്ഷമായി മുഖം കരുവാളിക്കുകയും ചെയ്തു. തുടർന്നാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തലപൊക്കിയത്. ശരീരത്തിൽ നടത്താത്ത പരിശോധനകൾ ബാക്കിയില്ലായിരുന്നുവെന്നും, മാസങ്ങൾ നീണ്ട ചികിത്സകൾക്ക് ശേഷമാണ് രോഗകാരണം തിരിച്ചറിയാനായതെന്നും സലീം കോടത്തൂർ വ്യക്തമാക്കി.
രോഗം മൂർച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായും തകരുകയും, മാസങ്ങളോളം സംഗീത പരിപാടികൾ മാറ്റിവെക്കേണ്ടി വരികയും ചെയ്തു. ചികിത്സയിലൂടെ നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെങ്കിലും ഉറക്കം ഇപ്പോഴും പഴയതുപോലെ ആയിട്ടില്ലെന്നും, പല ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വൃക്കകളിലെ രക്തം ശുദ്ധീകരിക്കുന്ന സൂക്ഷ്മ അരിപ്പകളായ ഗ്ലോമെറുലൈകൾക്ക് വീക്കവും തകരാറും സംഭവിക്കുന്ന അവസ്ഥയാണ് മെംബ്രനസ് നെഫ്രോപ്പതി. ഇത് ശരീരത്തിലെ പ്രോട്ടീൻ യൂറിനിലൂടെ നഷ്ടപ്പെടാനും, ശരീരത്തിൽ നീരുവെക്കാനും, രോഗപ്രതിരോധ ശേഷി കുറയാനും കാരണമാകും.
Story Summary
Renowned Mappilappattu singer Saleem Kodathoor revealed that using a fairness cream containing high levels of mercury caused him to suffer from membranous nephropathy, the same serious kidney condition recently reported in a 17-year-old girl. After initially seeing a fairness effect on a friend’s recommendation, his skin darkened severely and he faced months of unexplained health issues, weakened immunity, and postponed stage shows. Medical experts warn that excessive mercury in unapproved fairness creams can cause severe skin darkening and blood absorption that damages kidney function.




