കെഎസ്ആര്‍ടിസി ബസ്സിനുള്ളിലെ മദ്യപാനം; ദീര്‍ഘ-ഹ്രസ്വ ദൂര ബസുകളില്‍ വ്യാപക പരിശോധനയ്ക്ക് സിഎംഡിയുടെ നിര്‍ദേശം, തലശ്ശേരി – തിരുവനന്തപുരം ബസ്സില്‍ പരസ്യമായി മദ്യപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകള്ക്കുള്ളിലെ മദ്യപാന സംഭവങ്ങള്‍ക്ക് പിന്നാലെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം. ദീര്‍ഘദൂര, ഹ്രസ്വദൂര ബസ്സുകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദ്ദേശിച്ചത്. തലശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സിനുള്ളില്‍ അഞ്ചംഗ സംഘം പരസ്യമായി മദ്യപിച്ച സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ അടിയന്തര ഇടപെടല്‍.
തലശ്ശേരി തിരുവനന്തപുരം ബസ്സില്‍ പരസ്യമായി മദ്യപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ്സുകളിലെ പരിശോധന ശക്തമാക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിന്റെ നേതൃത്വത്തിലായിരിക്കും സംസ്ഥാന വ്യാപക പരിശോധനകള്‍ നടക്കുക. നേരത്തെ ദീര്‍ഘദൂര ബസ്സുകളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന പരിശോധനകള്‍ ഇനി ഹ്രസ്വദൂര ബസ്സുകളിലേക്കും വ്യാപിപ്പിക്കും.
മുന്‍പ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരായിരുന്നു എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് പദവി വഹിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഈ ചുമതല വഹിക്കുന്നത്. ഇതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാകുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രതീക്ഷ.




