പമ്പാനദിയിലും സ്നാനഘട്ടങ്ങളിലും തീർത്ഥാടകർ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം. നിയമം ലംഘിച്ചാൽ 5,000 രൂപ വരെ പിഴ. 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഈടാക്കുന്ന പിഴത്തുക പമ്പയിലെയും ശബരിമലയിലെയും ശുചീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കും

പത്തനംതിട്ട: പമ്പാനദിയില്‍ തീര്‍ത്ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന നിരോധനമേര്‍പ്പെടുത്തി. പമ്പാനദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ ചുമത്തും.
പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഉത്തരവില്‍ വ്യക്തമാക്കി. നവംബര്‍ 22 മുതല്‍ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്.
ദിവസവും ടണ്‍ കണക്കിന് വസ്ത്രങ്ങളാണ് പമ്പയില്‍ നിന്ന് നീക്കേണ്ടി വരുന്നത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പമ്പാ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പിഴ ഈടാക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. ഇതിനായി പമ്പയില്‍ പരിശോധന ശക്തിപ്പെടുത്തും.
പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ ഉപേക്ഷിക്കാന്‍ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചു.
ബിഎന്‍എസ്എസ് സെക്ഷന്‍ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ്. ലംഘിക്കുന്നവരില്‍ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.
ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തും. ഈ തുക പൂര്‍ണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.




