രാജസ്ഥാനിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളിലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റി ബിജെപി സ്ഥാനാർത്ഥി. രാഷ്ട്രീയ പ്രതികാരമാണെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ, അനധികൃത വൈദ്യുതി കണക്ഷൻ ആയതിനാലാണ് നടപടിയെന്ന് വൈദ്യുതി ബോർഡ്. ബിൽ അടയ്ക്കാമെന്ന് സർപഞ്ചുമാർ സമ്മതിച്ചതോടെ ബാക്കിയുള്ള വിളക്കുകൾ നീക്കം ചെയ്യുന്നത് നിർത്തിവെച്ചു

ജയ്പൂർ: പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളിലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിലുള്ള റാനോലി ഗ്രാമപഞ്ചായത്തിലാണ് സംഭവം.
രാഷ്ട്രീയ പ്രതികാരമാണിതെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ, അനധികൃത വൈദ്യുതി കണക്ഷൻ ആയതിനാലാണ് വിളക്കുകൾ നീക്കം ചെയ്തതെന്നാണ് വൈദ്യുതി ബോർഡിന്റെ (JVVNL) വിശദീകരണം. റാനോലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുംഹരോൺ, കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലായി അൻപതോളം എൽ.ഇ.ഡി തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരുന്നത്.
നിവായ് എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായ അലോക് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവ സ്ഥാപിച്ചതെന്ന് ഗ്രാമവാസികൾ പറയുന്നു. അലോക് ശർമ്മയുടെ ഭാര്യ പ്രിയങ്ക ശർമ്മ നാലാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിളക്കുകൾ അഴിച്ചുമാറ്റുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പത്തോളം തൂണുകളിലെ വിളക്കുകൾ നീക്കം ചെയ്തു. സംഭവത്തിൽ വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, പ്രിയങ്ക ശർമ്മയുടെ തെരഞ്ഞെടുപ്പ് പരാജയവുമായി തെരുവുവിളക്കുകൾ നീക്കം ചെയ്തതിന് ബന്ധമുണ്ടെന്ന ആരോപണം എം.എൽ.എ രാംസഹായ് വർമ്മ നിഷേധിച്ചു. ദീപാവലിക്ക് മുന്നോടിയായി സ്ഥാനാർത്ഥികളാണ് വിളക്കുകൾ സ്ഥാപിച്ചതെന്നും, വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അവ നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർപഞ്ചുമാർ വൈദ്യുതി ബിൽ അടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടർന്ന് ബാക്കിയുള്ള നാൽപ്പതോളം തൂണുകളിലെ വിളക്കുകൾ നീക്കം ചെയ്യുന്നത് നിർത്തിവെച്ചതായും എം.എൽ.എ കൂട്ടിച്ചേർത്തു.




