സസ്പെന്ഷന് റദ്ദാക്കി, കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.
വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കുകയും ചെയ്തു. സര്‍വകലാശാലക്കും വിസി ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയായി കോടതി വിധി. വിധിക്ക് പിന്നാലെ സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ നടന്നുവന്ന സമരം അവസാനിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ പ്രവേശിക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മൂന്നാഴ്ച പതിവ് ക്ലാസുകളില്‍ പങ്കെടുക്കാം. ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണം.
സര്‍വകലാശാലയ്ക്ക് താല്പര്യമെങ്കില് പുതിയ അന്വേഷണമാകാം. അതിന് വിധി തടസമല്ല. എന്നാല്‍, വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെന്‍ഡ് ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ ശിക്ഷിക്കപ്പെട്ടാല്‍ 84 ദിവസത്തെ സസ്പെന്ഷന് പരിഗണിക്കണം.
പ്രത്യേക പരീക്ഷ നടത്താമെന്നാണ് സര്‍വകലാശാല സുപ്രിംകോടതിയില്‍ നല്കിയ ഉറപ്പ്. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാനടപടി കാരണമല്ലെന്നും ഹൈക്കോടതി പറഞ്ഞു
പരീക്ഷ എഴുതാന്‍ അനുമതി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ ഹരജിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇന്ന് പരിഗണിച്ചത്. സസ്പെന്ഷന് നടപടികള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വിദ്യാര്‍ഥികള്‍ വാദിച്ചിരുന്നു.
അതേസമയം, ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മാസം കഴിഞ്ഞിട്ടും സസ്പെന്ഷന് പിന്‍വലിച്ചിരുന്നില്ല.
സസ്പെന്‍ഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്. വിദ്യാര്‍ഥികള്‍ വി.സി ഡോ. സിസ തോമസിനെ പ്രതീകാത്മകമായി ദഹിപ്പിച്ചെന്നും കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് സര്‍വ്വകലാശാലയുടെ പരാതി.
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലൈറ്റ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിളക്കിന്റെ പ്രതീകാത്മക സംസ്കാരമാണ് നടത്തിയതെന്നാണ് വിദ്യാര്‍ഥികളുടെ വാദം.




