സൗദി; സ്വകാര്യ മേഖലയിലെ 17 ഫൈനാൻഷ്യൽ തസ്തികകളിൽ 50% സ്വദേശിവൽക്കരണം; 2027 മെയ് 23 മുതൽ നടപ്പാക്കും

ജിദ്ദ: സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണം സംബന്ധിച്ച് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം പുതിയ തീരുമാനം പ്രഖ്യാപിച്ചു.
സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സുമായി (SOCPA) സഹകരിച്ചുകൊണ്ട് മന്ത്രാലയം നടത്തിയ പ്രഖ്യാപന പ്രകാരം 17 ഫൈനാൻഷ്യൽ പ്രൊഫഷനുകളിൽ 50% സൗദിവൽക്കരണം നടപ്പാക്കും.
സൗദി പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ സൗദിവൽക്കരണ തീരുമാനം 2027 മെയ് 23 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.
ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഇൻവെസ്റ്റ്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺട്രോൾ സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനിംഗ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ട്രഷറി സ്പെഷ്യലിസ്റ്റ്, ക്രെഡിറ്റ് മാനേജർ, ഫിനാൻഷ്യൽ സർവീസസ് കൺട്രോൾ മാനേജർ, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേറ്റർ, ഗവൺമെന്റ് റവന്യൂ സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ ബ്രോക്കറേജ് മാനേജർ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ, ഇൻവെസ്റ്റ്‌മെന്റ് എക്‌സ്‌പേർട്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ എക്‌സ്‌പേർട്ട് എന്നിവയാണ് പുതിയ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന തസ്തികകൾ.
ഇതുസംബന്ധിച്ചുള്ള ഗൈഡിൽ വ്യക്തമാക്കിയിട്ടുള്ള തൊഴിൽ നിർവചനങ്ങൾ, തസ്തിക ശീർഷകങ്ങൾ, ആവശ്യകതകൾ എന്നിവ അനുസരിച്ച്, രണ്ടോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം ബാധകമായിരിക്കും. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
തീരുമാനം നടപ്പിലാക്കുന്നതിൽ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രോത്സാഹനങ്ങളുടെ ഒരു പാക്കേജ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ലഭ്യമായ സ്ഥാനങ്ങളിലേക്ക് യോഗ്യതയുള്ള സൗദി പൗരന്മാരെ ആകർഷിക്കുകയും നാമനിർദ്ദേശം ചെയ്യുകയും ചെയ്യുക, പരിശീലന-വികസന അവസരങ്ങൾ നൽകുക, തൊഴിൽ, തൊഴിൽ സ്ഥിരത എന്നിവയെ പിന്തുണയ്ക്കുക, ലഭ്യമായ സൗദിവൽക്കരണ പരിപാടികളിലേക്ക് മുൻഗണന നൽകുക എന്നിവ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനങ്ങളിൽ ഉൾപ്പെടുന്നു.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗം കൂടിയാണ് സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകികൊണ്ടുള്ള പുതിയ നീക്കമെന്നും മന്ത്രാലയ പ്രസ്താവന ചൂണ്ടിക്കാട്ടി..




