ഫെയർനസ് ക്രീം 15 ദിവസം സ്വന്തമായി ഉപയോഗിച്ച് ബോധ്യപ്പെട്ട ശേഷമാണ് പ്രമോട്ട് ചെയ്തത്. പെൺകുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ ഞെട്ടി. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ആളല്ലെന്ന് സീരിയൽ താരം.ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം വ്യത്യസ്തമാണെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാവൂ എന്നും റനീഷ. ഇനിമുതൽ പരസ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തുമെന്നും പ്രതികരണം

മലപ്പുറം: മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫെയർനസ് ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇൻഫ്ലുവൻസർമാർക്കെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി സീരിയൽ താരം റനീഷ റഹ്മാൻ രംഗത്തെത്തി.
ക്രീം പ്രമോട്ട് ചെയ്തവരിലൊരാളായ റനീഷ, പെൺകുട്ടിയുടെ അനുഭവം അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും ചികിത്സയിൽ കഴിയുന്ന കുട്ടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ വർഷം മുഖത്തുണ്ടായ കരുവാളിപ്പ് മാറാനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ച് നോക്കിയിരുന്നതായി താരം വ്യക്തമാക്കി.
സെൻസിറ്റീവായ തന്റെ ചർമ്മത്തിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാതിരുന്നതും മികച്ച ഫലം ലഭിച്ചതുമാണ് ആത്മവിശ്വാസത്തോടെ പ്രമോഷൻ വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് റനീഷ പറഞ്ഞു.
പ്രമോഷന് പണം വാങ്ങിക്കാറുണ്ടെങ്കിലും പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളല്ല താനെന്നും, ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപ്പന്നവും ഇന്നുവരെ സമൂഹമാധ്യമങ്ങളിൽ പ്രമോട്ട് ചെയ്തിട്ടില്ലെന്നും താരം വിശദീകരിച്ചു.
ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവവും ആരോഗ്യവും വ്യത്യസ്തമായിരിക്കുമെന്നും, സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും റനീഷ മുന്നറിയിപ്പ് നൽകി.
ഏതൊരു ഉൽപ്പന്നവും ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദ്ദേശം തേടേണ്ടതാണ്.
ഈ സംഭവം തനിക്ക് വലിയൊരു പാഠമാണെന്നും, സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഇനിമുതൽ ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തുമെന്നും എല്ലാ ഇൻഫ്ലുവൻസർമാരും അത്തരത്തിൽ ശ്രദ്ധിക്കണമെന്നും റനീഷ വിഡിയോയിൽ കൂട്ടിച്ചേർത്തു.




