വീടു നിര്‍മാണത്തിന് ഇനി കടമ്പകള്‍ കുറയും; അയര്‍ലണ്ടില്‍ വ്യാഴാഴ്ച മുതല്‍ പുതിയ പ്ലാനിങ് നിയമങ്ങള്‍

ഡബ്ലിന്‍: ഭവനപ്രതിസന്ധി രൂക്ഷമായി തുടരുന്ന അയര്‍ലണ്ടില്‍ വീടുകളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും നിര്‍മാണം വേഗത്തിലാക്കാന്‍ പ്ലാനിങ് നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുമായി സര്‍ക്കാര്‍. നിര്മാണാനുമതിക്കായുള്ള കാത്തിരിപ്പു കുറയ്ക്കാനും നിയമനടപടികളില്‍ കുടുങ്ങി പദ്ധതികള്‍ അനന്തമായി നീണ്ടുപോകുന്നത് ഒഴിവാക്കാനുമുള്ള പരിഷ്കാരങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.
ഭവന മന്ത്രി ജെയിംസ് ബ്രൗണും പ്ലാനിങ് സഹമന്ത്രി ജോണ്‍ കമ്മിന്‍സും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്നു മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.
2024ലെ പ്ലാനിങ് ആന്‍ഡ് ഡവലപ്മെന്റ് നിയമം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍.
250 വീടുകള്‍ വരെയുള്ള പദ്ധതികള്‍ക്ക് ഇളവ്
250 വീടുകള്‍ വരെയുള്ള യോഗ്യമായ ഭവനപദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച നടപടികളില്‍ ഇളവു ലഭിക്കുമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
ചെറുകിട, ഇടത്തരം ഭവനപദ്ധതികളുടെ നിര്‍മാണച്ചെലവും കാലതാമസവും കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഭവന നിര്‍മാണത്തിനായി ഭൂമി നീക്കിവയ്ക്കുമ്പോള്ത്തന്നെ പ്രാദേശിക ഭരണകൂടങ്ങള്‍ പരിസ്ഥിതി സംബന്ധമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അനാവശ്യമായി ഒരേ പരിശോധനകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തേ ഉന്നയിച്ചിരുന്നു.
പ്ലാനിങ് അപേക്ഷകളില്‍ സമയബന്ധിത തീരുമാനം
രാജ്യത്തെ പ്ലാനിങ് കമ്മിഷനായ ആന്‍ കോമിഷ്യൂണ് പ്ലാനാല അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് നിയമപരമായ സമയപരിധി ഏര്‍പ്പെടുത്തും.
അപേക്ഷകളില്‍ ചെറിയ പിഴവുകളുണ്ടെങ്കില്‍ അവ തിരുത്താന്‍ അവസരമൊരുക്കും. ഇതിനായി വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ട സാഹചര്യം ഒഴിവാക്കും.
നേരത്തേ ലഭിച്ച നിര്‍മാണാനുമതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അനുമതിയുടെ കാലാവധി നീട്ടുന്നതിനും വ്യവസ്ഥകളുണ്ടാകും.
കോടതിയില്‍ കുടുങ്ങി പദ്ധതികള്‍ നീളുന്നതിന് നിയന്ത്രണം
പ്ലാനിങ് തീരുമാനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്ന ജുഡീഷ്യല്‍ റിവ്യൂ നടപടികളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. പ്രാരംഭ നിയമനടപടികളില്‍ എട്ടാഴ്ചയോളം ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
കേസുമായി മതിയായ ബന്ധമോ താല്പര്യമോ ഉള്ളവര്‍ക്കായിരിക്കും പുതിയ വ്യവസ്ഥകള്‍ പ്രകാരം നിയമനടപടികള്‍ ആരംഭിക്കാന്‍ കഴിയുക. കേസ് നടക്കുന്നതിനിടെ ഉന്നയിച്ച വാദങ്ങളില്‍ മാറ്റം വരുത്തുന്നതിനും നിയന്ത്രണമുണ്ടാകും.
കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കാലയളവില്‍ നിര്‍മാണാനുമതിയുടെ കാലാവധി മരവിപ്പിക്കാനും വ്യവസ്ഥയുണ്ടാകും. കോര്‍ട്ട് ഓഫ് അപ്പീലിലേക്കുള്ള തുടര്‍ അപ്പീല്‍ ഘട്ടവും ഒഴിവാക്കും.
വീടു നിര്‍മിക്കാന്‍ നാലുവര്‍ഷം!
പ്ലാനിങ് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അയര്‍ലണ്ടില്‍ ശരാശരി നാലുവര്‍ഷം വേണ്ടിവരുന്നുവെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ വിലയിരുത്തല്‍. ഒരു പതിറ്റാണ്ടു മുന്പുണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.
കുടിവെള്ളം, വൈദ്യുതി, മലിനജല സംസ്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലെ കാലതാമസവും ഭവന നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിര്‍മാണാനുമതി ലഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കേണ്ടതും സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
ഡബ്ലിന്‍ മെട്രോലിങ്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും പ്രാധാന്യം
അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനുള്ള കര്‍മപദ്ധതിയുടെ പുരോഗതി പൊതുചെലവു മന്ത്രി ജാക്ക് ചേംബേഴ്സ് ഇന്നു മന്ത്രിസഭയെ അറിയിക്കും.
സെപ്റ്റംബര്‍ അവസാനത്തെ കണക്കനുസരിച്ച് കര്‍മപദ്ധതിയുടെ മൂന്നില്‍ രണ്ടു ഭാഗം നടപ്പാക്കിയിട്ടുണ്ട്. ഡബ്ലിന്‍ മെട്രോലിങ്ക്, ഗ്രേറ്റര്‍ ഡബ്ലിന്‍ മലിനജല നിര്‍മാര്‍ജന പദ്ധതി, കിഴക്കന്‍ അയര്‍ലണ്ടിലെയും മിഡ്ലാന്‍ഡ്സ് മേഖലയിലെയും ജലവിതരണ പദ്ധതി എന്നിവയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
വീടുകളുടെ വില കുറയുമോ? വാടകയില്‍ ആശ്വാസമുണ്ടാകുമോ?
നിര്‍മാണാനുമതി ലഭിക്കുന്നതിനുള്ള കാലതാമസം കുറയുന്നത് കൂടുതല്‍ വീടുകള്‍ വിപണിയിലെത്താന്‍ സഹായിച്ചേക്കും. നിര്‍മാണ കമ്പനികളുടെ ഭരണപരവും നിയമപരവുമായ ചെലവുകള്‍ കുറയുന്നതും ഗുണകരമാകും.
വിപണിയില്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമാകുന്നതോടെ വീടുകളുടെ വിലയിലും വാടകയിലും ഉണ്ടാകുന്ന വര്‍ധനയ്ക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ പ്ലാനിങ് നിയമങ്ങളിലെ മാറ്റംകൊണ്ടുമാത്രം വീടുകളുടെ വിലയോ വാടകയോ ഉടന്‍ കുറയുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. ഭൂമിയുടെ വില, നിര്‍മാണ സാമഗ്രികളുടെ വില, തൊഴിലാളികളുടെ ലഭ്യത, വായ്പാ ചെലവ് തുടങ്ങിയ ഘടകങ്ങളും ഭവനവിപണിയെ സ്വാധീനിക്കുന്നുണ്ട്.
സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ നിയമപരിഷ്കാരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍ കടലാസിലെ നിര്‍മാണാനുമതികള്‍ യഥാര്‍ഥ വീടുകളായി മാറുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് അവ ലഭ്യമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഭവനപ്രതിസന്ധിക്കുള്ള പരിഹാരമായി പുതിയ നിയമപരിഷ്കാരങ്ങളെ വിലയിരുത്താനാവൂ എന്നതാണ് വാസ്തവം.




