Skip to content
November 25, 2026
⌕

വിഷപ്പുക ഉയർത്തി അമേരിക്കൻ സൈന്യത്തിന്റെ സ്ഫോടനം; അയോവയിൽ ആയിരക്കണക്കിന് ജനങ്ങളും കൃഷിയിടങ്ങളും ഭീതിയിൽ. 4,355 കിലോഗ്രാം മാരകമായ ‘ലെഡ് അസൈഡ്’ സ്ഫോടകവസ്തുക്കൾ നശിപ്പിക്കാൻ സൈന്യം; നൂറ് മൈൽ ദൂരത്തേക്ക് വിഷപ്പൊടി പടരുമെന്ന് ആശങ്ക, രേഖകളിലെ വിവരങ്ങൾ മറച്ചുവെച്ചതിലും ദുരൂഹത

November 25, 2026
Share this post to

വാഷിംഗ്ടണ്‍: വിദേശ ശത്രുക്കളല്ല, മറിച്ച് സ്വന്തം സൈന്യം തന്നെ ഒരുക്കിവെച്ച ഒരു ‘ടൈം ബോംബിന്റെ’ നിഴലിലാണ് അയോവയിലെ ഗ്രാമീണ മേഖലയിലുള്ള ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാര്‍.

പഴക്കം ചെന്ന സ്‌ഫോടകവസ്തുക്കള്‍ നശിപ്പിക്കുന്നതിനായി ബുധനാഴ്ച അയോവ ആര്‍മി അമ്മ്യൂണിഷന്‍ പ്ലാന്റില്‍ യുഎസ് സൈന്യം നടത്തുന്ന നിയന്ത്രിത സ്‌ഫോടനം വീടുകളിലും കൃഷിയിടങ്ങളിലും വിഷപ്പുക പടര്‍ത്തുമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. 


രാജ്യത്തെ മുഴുവന്‍ ശേഖരമായ ഏകദേശം 9,600 പൗണ്ട് ‘ലെഡ് അസൈഡ്’ നിറച്ച 68 ബാരലുകളാണ് സൈന്യം സ്‌ഫോടനത്തിലൂടെ നശിപ്പിക്കുന്നത്. ഇത് നൂറ് മൈലോളം ദൂരത്തില്‍ മാരകമായ ലെഡ് പൊടിപടലങ്ങള്‍ വായുവില്‍ കലരാനും ആയിരക്കണക്കിന് മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും കാരണമായേക്കാം. 


സ്‌ഫോടനം തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി തള്ളുകയും താല്‍ക്കാലിക സ്റ്റേ നീക്കുകയും ചെയ്തതോടെയാണ് സൈന്യത്തിന് മുന്നോട്ടുള്ള വഴി തുറന്നത്. 

സ്വയം പൊട്ടിത്തെറിക്കുന്ന അനിയന്ത്രിതമായ സ്‌ഫോടനത്തേക്കാള്‍ എന്തുകൊണ്ടും നല്ലത് നിയന്ത്രിത സ്‌ഫോടനമാണെന്നാണ് ആര്‍മി സെക്രട്ടറി ആദം ടെല്ലെ ഈ നടപടിയെ ന്യായീകരിച്ചത്.


എന്നാല്‍ അപേക്ഷയിലെ മാലിന്യങ്ങളുടെ വിവരണത്തില്‍ നാല്-അഞ്ച് വരികള്‍ സൈന്യം മറച്ചുവെച്ചത് ഇതില്‍ മറ്റെന്തെല്ലാം അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ദുരൂഹതയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.


ചെറിയൊരു ഉരസലോ ആഘാതമോ ഉണ്ടായാല്‍ പോലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള അതീവ അപകടകാരിയായ ‘പ്രൈമറി എക്‌സ്‌പ്ലോസീവ്’ വിഭാഗത്തില്‍പ്പെടുന്ന ലെഡ് അസൈഡ്, മനുഷ്യന്റെ തലച്ചോറിനെയും നാഡീവ്യൂഹത്തെയും തകര്‍ക്കുന്ന മാരക വിഷമായ ലെഡും നൈട്രജനും ചേര്‍ന്ന സംയുക്തമാണ്.

ഇത് ഗര്‍ഭിണികളില്‍ ഗര്‍ഭഛിദ്രത്തിനും കുട്ടികളില്‍ സ്ഥിരമായ നാഡീവ്യൂഹ തകരാറുകള്‍ക്കും കാരണമാകും. വിയറ്റ്‌നാം യുദ്ധകാലത്ത് വന്‍തോതില്‍ ഉത്പാദിപ്പിക്കുകയും 1980-കളോടെ അപകടസാധ്യത കാരണം സൈന്യം ഉപേക്ഷിക്കുകയും ചെയ്ത ഈ ശേഖരം, 2009 മുതല്‍ അയോവയിലെ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് അറകളില്‍ എഥനോളും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ മുക്കിവെച്ചിരിക്കുകയായിരുന്നു.


എന്നാല്‍ താപനിലയിലെ വ്യതിയാനം കാരണം ഇവ വീണ്ടും പരലുകളായി മാറിയതോടെ ബാരലുകള്‍ നീക്കുന്നത് പോലും വന്‍ ദുരന്തത്തിന് കാരണമാകുമെന്ന അവസ്ഥയിലായി. ഇതേത്തുടര്‍ന്ന് പ്രതിരോധ വകുപ്പ് ഇവയെ ‘അപകടകരമായ മാലിന്യമായി’ പ്രഖ്യാപിക്കുകയും എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അടിയന്തര അനുമതി നല്‍കുകയുമായിരുന്നു. 


സ്‌ഫോടനത്തിന്റെ ആഘാതവും വിഷപ്പുകയും നിയന്ത്രിക്കുന്നതിനായി സി-4 സ്‌ഫോടകവസ്തുക്കളും ഡീസലും ഉപയോഗിച്ച് സ്‌ഫോടന തരംഗങ്ങളെ താഴേക്ക് തിരിച്ചുവിടാനാണ് സൈന്യത്തിന്റെ പദ്ധതി.

ഇതിനായി ഭൂഗര്‍ഭ അറകള്‍ക്ക് ചുറ്റും രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തില്‍ മണല്‍ഭിത്തികളും, 16,000 ഗാലന്‍ വീതം വെള്ളം കൊള്ളുന്ന നാല് കൂറ്റന്‍ വാട്ടര്‍ ടാങ്കുകള്‍ കൊണ്ടുള്ള സംരക്ഷണ ഭിത്തികളും സൈന്യം നിര്‍മ്മിച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google