ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ‘ഭീകരവാദിയെ കൈവിലങ്ങണിയിച്ച് മാത്രമേ തിരിച്ചെത്തിക്കൂ’ എന്ന് ധാക്ക, മടക്കയാത്രയ്ക്ക് മുന്നിൽ വധശിക്ഷയും പാസ്‌പോർട്ട് വിവാദവും. ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് വിമാനം ഏർപ്പാടാക്കണമെന്ന ഹസീനയുടെ ആവശ്യം തള്ളി താരിഖ് റഹ്മാൻ സർക്കാർ; രാഷ്ട്രീയ സഹതാപ തരംഗം ഭയന്ന് യാത്രാരേഖകൾ നിഷേധിച്ച് മടക്കം വൈകിപ്പിക്കാൻ നീക്കം

ധാക്ക: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയില്‍ അഭയം തേടി രണ്ട് വര്‍ഷത്തിന് ശേഷം, ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബര്‍ 16-ന് നാട്ടിലേക്ക് മടങ്ങുമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര-രാഷ്ട്രീയ സംഘര്‍ഷം മുറുകുന്നു.
2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് വിമാനത്തിലാണ് തന്നെ ഇന്ത്യയിലെത്തിച്ചതെന്നും, അതിനാല്‍ ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് മടങ്ങാന്‍ ബിമാന്‍ ബംഗ്ലാദേശ് വിമാനം ഏര്‍പ്പാടാക്കണമെന്നും ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി വഴി താരിഖ് റഹ്‌മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, 2024-ലെ പ്രക്ഷോഭത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ 2025 നവംബറില്‍ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ച ഹസീനയെ ഒരു ‘ഭീകരവാദിയായാണ്’ കാണുന്നതെന്നും, കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ‘കൈവിലങ്ങണിയിച്ച്’ മാത്രമേ തിരിച്ചെത്തിക്കാന്‍ അനുവദിക്കൂ എന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ കര്‍ശന നിലപാടെടുത്തു.
നേരത്തെ മുഹമ്മദ് യൂനുസ് ഭരണകൂടം ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കുകയും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് മരവിപ്പിക്കുകയും ചെയ്തിരുന്നു; പുതിയ പാസ്പോര്‍ട്ടിനായി ലണ്ടനിലെ നിയമസ്ഥാപനം വഴി ഹസീന നല്‍കിയ അപേക്ഷയില്‍ ഒപ്പില്ലെന്നും, പിന്നീട് നല്‍കിയ കത്തിലെ ഒപ്പ് വ്യാജമാണെന്നും ആരോപിച്ച് ബിഎന്‍പി സര്‍ക്കാര്‍ യാത്രാരേഖകള്‍ നിഷേധിച്ചിരിക്കുകയാണ്.
ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരോധിക്കപ്പെട്ട അവാമി ലീഗ് പ്രവര്‍ത്തകര്‍ ബംഗ്ലാദേശില്‍ തെരുവിലിറങ്ങിയതോടെ രാജ്യത്ത് വ്യാപകമായ അക്രമങ്ങളും തീവെപ്പും അരങ്ങേറുകയാണ്.
വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ ഹസീന നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ധാക്ക വ്യക്തമാക്കുമ്പോള്‍, 2013-ലെ ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി കൈമാറ്റ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പരിശോധിക്കുകയാണെന്നും യാത്രയ്ക്ക് രേഖകള്‍ അനിവാര്യമാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
വധശിക്ഷ ഭയക്കാതെ സ്വന്തം മണ്ണിലേക്ക് മടങ്ങുന്ന നേതാവ് എന്ന പരിവേഷം ഹസീനയ്ക്ക് ലഭിച്ചാല്‍ അത് രാജ്യത്ത് വലിയ സഹതാപ തരംഗമുണ്ടാക്കുമെന്നും, സാമ്പത്തിക-വൈദ്യുതി പ്രതിസന്ധികളില്‍ ഉഴലുന്ന താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകുമെന്നും ഭയന്നാണ് പാസ്പോര്‍ട്ട് നല്‍കാതെ ഹസീനയുടെ മടക്കം ബംഗ്ലാദേശ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.




