എൻവിഡിയ ചിപ്പ് വിവാദത്തിൽ മെഗാസ്പീഡ് അന്വേഷണത്തിന് അമേരിക്കയിൽ നിന്ന് പൂർണ്ണ സഹകരണം ലഭിച്ചില്ലെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ്. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പ്രതികരണം; എഐ ചിപ്പുകൾ അനധികൃതമായി വഴിതിരിച്ചുവിട്ടെന്ന ആരോപണത്തിൽ നിർണ്ണായക വിവരങ്ങൾക്കായി യുഎസുമായി ചർച്ച തുടരുന്നു

സിംഗപ്പൂര്‍: എന്‍വിഡിയ എഐ ചിപ്പുകള്‍ അനധികൃതമായി വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട ‘മെഗാസ്പീഡ്’ എന്ന കമ്പനിക്കെതിരായ അന്വേഷണത്തില്‍ അമേരിക്കയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോംഗ് സൂചന നല്‍കി.
ചൊവ്വാഴ്ച ട്രംപ് ഭരണകൂടം സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മെഗാസ്പീഡിനെ വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് വോംഗിന്റെ പ്രതികരണം.
ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മെഗാസ്പീഡ് മുന്‍ എക്‌സിക്യൂട്ടീവ് ആലീസ് ഹുവാംഗും എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാംഗുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.
ചൈനീസ് കമ്പനികള്‍ക്ക് അത്യാധുനിക എന്‍വിഡിയ ചിപ്പുകള്‍ രഹസ്യമായി ലഭിക്കാന്‍ ആലീസ് സഹായിച്ചതായാണ് സംശയം. മെഗാസ്പീഡ് വാങ്ങിയ ചിപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സിംഗപ്പൂര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോറന്‍സ് വോംഗ് വ്യക്തമാക്കി.
നേരത്തെ ആലീസ് ഹുവാംഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും, പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചതായും അദ്ദേഹം അറിയിച്ചു.
മെഗാസ്പീഡ് വാങ്ങിയ എന്‍വിഡിയ ചിപ്പുകള്‍ ഭൗതികമായി സിംഗപ്പൂരില്‍ എത്തിയിട്ടില്ലെന്നും, മറിച്ച് സിംഗപ്പൂര്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്തതെന്നും ലോറന്‍സ് വോംഗ് ചൂണ്ടിക്കാട്ടി.
മൂന്നാം രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ അന്വേഷിക്കാന്‍ സിംഗപ്പൂരിന് കഴിയില്ലെന്നും ചിപ്പുകളുടെ അന്തിമ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും രേഖകള്‍ പരിശോധിക്കാനുമായി അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സിംഗപ്പൂരിനില്ലെങ്കിലും, അമേരിക്കന്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കമ്പനികള്‍ സിംഗപ്പൂരിനെ ഒരു ഇടത്താവളമായി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും, തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വോംഗ് വ്യക്തമാക്കി.
2024 മുതല്‍ അമേരിക്കയുടെ അന്വേഷണം നേരിടുന്ന മെഗാസ്പീഡ്, തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞയാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു; നവംബര്‍ 23 മുതല്‍ 25 വരെ ഓസ്‌ട്രേലിയയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ലോറന്‍സ് വോംഗ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.




