നൂറ്റാണ്ട് പഴക്കമുള്ള അഭയ ആഞ്ജനേയ ക്ഷേത്രം ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ പൊളിച്ചുനീക്കിയെന്ന് ജഗൻ. ഹൈവേ വികസനത്തിനായി ചർച്ചകൾക്ക് ശേഷമാണ് മാറ്റിയതെന്ന് സർക്കാർ. സമ്പന്നരുടെ സ്വത്ത് സംരക്ഷിക്കാൻ ക്ഷേത്രം ബലികൊടുത്തെന്ന് വൈഎസ്ആർസിപി ആരോപണം; 59.3 ലക്ഷം രൂപയും പകരം ഭൂമിയും അനുവദിച്ചതായി വിശദീകരിച്ച് ഭരണകൂടം

തിരുപ്പതി: തിരുപ്പതി ജില്ലയിലെ ദേശീയപാത 716 വികസനത്തിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഭയ ആഞ്ജനേയ സ്വാമി ക്ഷേത്രം ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയെന്ന് ആരോപിച്ച് വൈഎസ്ആര്‍സിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്ത്.
കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സനാതന ധര്‍മ്മ സംരക്ഷണത്തെക്കുറിച്ചുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാടിനെയും ചോദ്യം ചെയ്തു. ‘ഹേ റാം! ക്ഷേത്രങ്ങളെ രക്ഷിക്കൂ! ആന്ധ്രാപ്രദേശിനെ രക്ഷിക്കൂ! ചന്ദ്രബാബു നായിഡു ഗാരുവിന്റെ ഭരണത്തില്‍ ഈ സംഭവങ്ങള്‍ തുടരുകയാണ്’ എന്ന് ജഗന്‍ എക്‌സില്‍ കുറിച്ചു.
ഹൈവേയുടെ അലൈന്‍മെന്റ് മാറ്റാന്‍ അവസരമുണ്ടായിരുന്നിട്ടും സമ്പന്നരായ നിക്ഷേപകരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ വേണ്ടി, 1,400 വര്‍ഷത്തോളം പഴക്കമുള്ള പല്ലവ കാലഘട്ടത്തിലെ നിര്‍മ്മിതികള്‍ ഉള്‍പ്പെടുന്ന ചരിത്രപ്രധാനമായ ക്ഷേത്രമാണ് വൈദിക ചടങ്ങുകളില്ലാതെ പൊളിച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച ടിടിഡി മുന്‍ ചെയര്‍മാന്‍ ബി. കരുണാകര്‍ റെഡ്ഡിയും ആരോപിച്ചു.
അതേസമയം, മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും നാട്ടുകാരുടെയും ഭക്തരുടെയും പൂജാരിമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ സമ്മതത്തോടെയുമാണ് വിഗ്രഹങ്ങള്‍ മാറ്റി പുതിയ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹൈവേയ്ക്കായി 10 സെന്റ് ഭൂമി ഏറ്റെടുത്തതിന് പകരമായി 50 സെന്റ് സ്ഥലം അനുവദിക്കുകയും 59.3 ലക്ഷം രൂപ ഓഗസ്റ്റ് ഒന്നിന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്നും, പൂജാവിധികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാന വിഗ്രഹം സമീപത്തെ സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറ്റിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.




