Skip to content
November 25, 2026
⌕

സിപിഎം നേതാവ് ധനരാജ് വധക്കേസ്; ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി, 5ലക്ഷം പിഴയും അടക്കണമെന്ന് കോടതി വിധി

November 25, 2026
Share this post to

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ആദ്യ മൂന്ന് പ്രതികളായ ടി.പി ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു.

ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു.

2016 ജൂലൈ 11നാണ് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്ന് വീടിന് സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകുവശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.

രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് എഫ്‌ഐആര്‍. 2016 ജൂണ്‍ 25ന് കക്കമപാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപവും പിന്നീട് പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്ത് വെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാല്‍, ഗൂഢാലോചന നടത്തിയതിന് തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞിരുന്നു.

Get more updates from Pudukad News on Google