ബംഗാളിൽ ഗോവധ നിരോധനത്തെച്ചൊല്ലി കടുത്ത രാഷ്ട്രീയ പോര്; കേന്ദ്രത്തിന്റെ ബീഫ് കയറ്റുമതിയും സംസ്ഥാനത്തെ നിയന്ത്രണങ്ങളും തമ്മിലുള്ള ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ്. ഗോവധത്തിനെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് സുവേന്ദു അധികാരി സർക്കാർ; അനധികൃത അറവുശാലകൾക്കെതിരെയാണ് നടപടിയെന്ന് ബിജെപി, ബീഫ് കടകൾ അടച്ചുപൂട്ടിയതോടെ പ്രതിസന്ധി രൂക്ഷം

കൊല്‍ക്കത്ത: ബീഫ് ഉപയോഗവും ഗോവധത്തിനെതിരായ കര്‍ശന നടപടികളും മുന്‍നിര്‍ത്തി പശ്ചിമ ബംഗാളില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടല്‍.
നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ബിജെപി നീക്കം നടത്തുമ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് കയറ്റുമതി ബിസിനസും ബംഗാളില്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) തിരിച്ചടിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ഗോവധം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചതോടെയാണ് വിവാദം ആളിക്കത്തിയത്. മന്ത്രിസഭാ യോഗത്തിന് പിന്നാലെ ഗോവധത്തിനെതിരെ കര്‍ശന നിയമം കൊണ്ടുവരാനുള്ള നീക്കവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ടിഎംസി വക്താവ് കുനാല്‍ ഘോഷ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫ് ഉപയോഗത്തിലും വ്യാപാരത്തിലും എന്തിനാണ് ഇരട്ടത്താപ്പെന്നും ‘ഗോമാതാ’ സംരക്ഷണത്തെക്കുറിച്ച് പറയുന്ന ഭരണകൂടം ഒരുവശത്ത് നില്ക്കുമ്പോള് മറുവശത്ത് ബീഫ് കയറ്റുമതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ സമ്പാദിക്കുന്നത് എങ്ങനെയെന്നും ചോദിച്ചു.
ഒരേ രാജ്യത്ത് രണ്ടിടത്ത് രണ്ട് നിയമങ്ങള്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും കുനാല്‍ ഘോഷ് ആരാഞ്ഞു. എന്നാല്‍, അനധികൃത അറവുശാലകള്‍ക്കെതിരെ മാത്രമാണ് നിയന്ത്രണമെന്നും അംഗീകൃത കേന്ദ്രങ്ങളെ ബാധിക്കില്ലെന്നും രാജ്യത്ത് ഏകീകൃത നിയമമാണ് നിലനില്‍ക്കുന്നതെന്നും ബിജെപി രാജ്യസഭാ എംപി രാഹുല്‍ സിന്‍ഹ വ്യക്തമാക്കി.
1950-ലെ പശ്ചിമ ബംഗാള്‍ മൃഗവധ നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, 14 വയസ്സിന് മുകളിലുള്ളതും ജോലിക്കോ പ്രജനനത്തിനോ കഴിവില്ലാത്തതും ഗുരുതരമായി പരിക്കേറ്റതോ രോഗബാധിതമോ ആയ മൃഗങ്ങളെ നിശ്ചിത സര്‍ട്ടിഫിക്കറ്റോടെ അംഗീകൃത അറവുശാലകളില്‍ മാത്രം അറുക്കാമെന്ന വ്യവസ്ഥ മെയ് 13-ന് വിജ്ഞാപനത്തിലൂടെ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.
പൊതുസ്ഥലങ്ങളിലെ കശാപ്പ് നിരോധിച്ച ഈ നടപടിക്ക് പിന്നാലെ സംസ്ഥാനത്തെ മിക്ക ബീഫ് കടകളും അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, മേയര്‍ ഫിര്‍ഹാദ് ഹക്കിമിന്റെ രാജിയെത്തുടര്‍ന്ന് ജൂണില്‍ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് പിരിച്ചുവിട്ടതോടെ വ്യാപാര ലൈസന്‍സുകളുടെ പുതുക്കലും സ്തംഭിച്ചിരിക്കുകയാണ്. ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.




