വ്യാജ വാട്സ്ആപ്പ് ചാറ്റ് ആരോപണം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് സൈബർ പൊലീസിന്റെ നോട്ടീസ് | HD Kumaraswamy cyber police notice

വ്യാജമാണെന്ന് ആരോപിക്കപ്പെടുന്ന വാട്സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് സൈബർ പൊലീസിന്റെ നോട്ടീസ്. ഹാസൻ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങളടങ്ങിയ ചാറ്റിന്റെ ഉറവിടവും ആധികാരികതയും വ്യക്തമാക്കണമെന്നാണ് സൈബർ കമാൻഡ് സെന്റർ പൊലീസിന്റെ നിർദേശം. ചൊവ്വാഴ്ചയാണ് മന്ത്രിക്ക് നോട്ടീസ് നൽകിയത്. ( HD Kumaraswamy cyber police notice)
ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ലതാകുമാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് എച്ച്.ഡി. ശശികിരണിന്റെ പരാതിയിലാണ് നടപടി. കുമാരസ്വാമി പുറത്തുവിട്ട വാട്സ്ആപ്പ് സംഭാഷണം കെട്ടിച്ചമച്ചതാണെന്നാണ് ശശികിരണിന്റെ ആരോപണം. ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എവിടെനിന്ന് ലഭിച്ചുവെന്നും അവയുടെ ആധികാരികത ഉറപ്പാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാനാണ് പൊലീസ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ എട്ടിന് ഹാസനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കുമാരസ്വാമി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ലതാകുമാരി, ജില്ലയുടെ ചുമതലയുള്ള എക്സൈസ് മന്ത്രി കെ.എം. ശിവലിംഗെ ഗൗഡയ്ക്ക് 75 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. ഇതിന് തെളിവെന്ന നിലയിൽ ശശികിരണും ഒരു ഇടനിലക്കാരനും തമ്മിലുള്ളതെന്ന് അവകാശപ്പെട്ട വാട്സ്ആപ്പ് സംഭാഷണങ്ങളുടെ 15 പേജുകളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ലതാകുമാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ചാറ്റിന്റെ ഉറവിടവും വിശ്വാസ്യതയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അവർ സൈബർ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ജില്ലാ ഉദ്യോഗസ്ഥരും ആരോപണങ്ങളെ തള്ളിയിരുന്നു. ശശികിരണിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇപ്പോൾ കേന്ദ്രമന്ത്രിയിൽ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. സംഭവത്തോടെ കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ തർക്കം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
Summary: Cyber Command Centre police have issued a notice to Union Minister H.D. Kumaraswamy over an alleged fake WhatsApp chat linked to bribery claims in Karnataka’s Hassan district administration. The notice follows a complaint by the personal assistant to Deputy Commissioner K.S. Latakumari, who alleged that the chat released by Kumaraswamy was fabricated.




