എരുമേലിയില്‍ വീണ്ടും രാസസിന്ദൂരം പിടികൂടി. സിന്ദൂരം എത്തിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍ ഭക്തര്‍ക്കു നല്‍കുന്നതിനായി നിരോധിത സിന്ദൂരം വന്‍തോതില്‍ ശേഖരിച്ചുവെച്ചിരിക്കുകയായിരുന്നു

കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ അയ്യപ്പഭക്തര്‍ക്കു വിതരണം ചെയ്യുന്നതിനായി രഹസ്യമായി സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള നിരോധിത രാസസിന്ദൂരം എരുമേലിയില്‍ നിന്നും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലശേരി സ്വദേശി കെ.പി മുഹമ്മദ് ഫഷാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

എരുമേലി പൂവത്തുങ്കലുള്ള ഇയാളുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് 107 പായ്ക്കറ്റ് രാസസിന്ദൂരം കണ്ടെടുത്തത്. ഇയാൾ സ്റ്റോര്‍ നടത്തി വരുകയായിരുന്നു. പ്രതി, തീര്‍ഥാടന സീസണില്‍ ഭക്തര്‍ക്കു വില്‍പ്പന നടത്തുന്നതിനായി ഇവ വന്‍തോതില്‍ ശേഖരിച്ചുവെച്ചിരിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്നു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും എരുമേലി പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത രാസസിന്ദൂരം തുടര്‍നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കുമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി രാസസിന്ദൂരങ്ങളുടെ വില്‍പ്പന കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. നിരോധനം ലംഘിച്ച് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.




