ഓസ്കർ പോരാട്ടത്തിൽ ‘രാമായണ’; ഡ്യൂൺ 3, അവഞ്ചേഴ്സ് ഡൂംസ്ഡേ, ദി ഒഡീസി ചിത്രങ്ങൾക്കൊപ്പം മികച്ച വിഷ്വൽ ഇഫക്ട്സിനായി മത്സരം | Ramayana Oscar 2027 longlist

2027ലെ ഓസ്കർ പുരസ്കാരത്തിലെ മികച്ച വിഷ്വൽ ഇഫക്ട്സ് വിഭാഗത്തിനുള്ള പരിഗണനാ പട്ടികയിൽ ഇടംനേടി നിതേഷ് തിവാരി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം ‘രാമായണ’. ഹോളിവുഡിലെ വമ്പൻ ചിത്രങ്ങളായ ‘ഡ്യൂൺ: പാർട്ട് ത്രീ’, ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’, ‘പ്രോജക്ട് ഹെയിൽ മേരി’, ‘ദി ഒഡീസി’ എന്നിവയോടൊപ്പമാണ് ചിത്രം മത്സരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. (Ramayana Oscar 2027 longlist)
1,600 കോടി രൂപയെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബജറ്റിൽ ഒരുങ്ങിയ ചിത്രം വിഷ്വൽ ഇഫക്ട്സിന്റെയും കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറിയുടെയും (സിജിഐ) മികവുകൊണ്ട് ശ്രദ്ധ നേടിയിരുന്നു. എട്ട് ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഡിഎൻഇജി (DNEG) സ്റ്റുഡിയോയാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത്. ‘ഡ്യൂൺ’, ‘ഇന്റർസ്റ്റെല്ലാർ’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും ഈ സ്റ്റുഡിയോ പ്രവർത്തിച്ചിട്ടുണ്ട്. ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’, ‘ഡിസ്ക്ലോഷർ ഡേ’, ജപ്പാനീസ് ചിത്രം ‘ഗോഡ്സില്ല: മൈനസ് സീറോ’ എന്നിവയും പട്ടികയിലുണ്ട്. ‘ഗോഡ്സില്ല മൈനസ് വൺ’ എന്ന ചിത്രത്തിന്റെ മുൻഭാഗം 2025ലെ ഓസ്കറിൽ മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയിരുന്നു. ആകെ 20 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
ഓസ്കർ പരിഗണനയ്ക്ക് പുറമെ അടുത്ത വർഷത്തെ ക്രിട്ടിക്സ് ചോയ്സ് പുരസ്കാരങ്ങളിലും ‘രാമായണ’ ഇടംപിടിച്ചിട്ടുണ്ട്. മികച്ച വിഷ്വൽ ഇഫക്ട്സ്, മികച്ച സ്റ്റണ്ട് ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടത്. വാൽമീകി രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന രണ്ട് ഭാഗങ്ങളുള്ള സിനിമയിലെ ആദ്യ ഭാഗമാണ് ‘രാമായണ’. നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമിച്ച ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്നു. റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 1,735 കോടി രൂപയുടെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. വിദേശ വിപണിയിൽ നിന്ന് 6.5 കോടി ഡോളറും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
Summary: Nitesh Tiwari’s Ramayana has secured a place on the list of 20 films being considered for Best Visual Effects at the 2027 Oscars. It will compete with major Hollywood productions, including Dune: Part Three, Avengers: Doomsday, Project Hail Mary and The Odyssey.




