സമയത്തിന് ഡെലിവറി ചെയ്തില്ല, കമ്പനി 25,000 രൂപ നഷ്ടം നൽകണം

തൃശൂർ : വേഗത്തിലെത്തിക്കാമെന്നേറ്റ് കൺസൈൻമെൻ്റ് ഏറ്റെടുത്ത് 35 ദിവസങ്ങൾക്ക് ശേഷം ഡെലിവറി നൽകിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ പെരിങ്ങണ്ടൂരുള്ള അപെക്സ് ഇൻഡസ്ട്രി മാനേജിങ്ങ് പാർട്ണർ പി.കെ.ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് ഹൈദ്രാബാദിലുള്ള ഗാറ്റി കെ ഡബ്ളിയു ഇ ലോജിസ്റ്റിക്സ് സൊലൂഷൻസ് ഏൻ്റ് സപ്ളൈ ചെയിൻ മാനേജ്മെൻ്റ് കമ്പനി ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.
ഹർജിക്കാരന് എതിർകക്ഷി മുഖേനെ പ്ലാസ്റ്റിക് സ്ക്രാപ്പ് ഗ്രൈൻഡർ ആണ് അയക്കുകയുണ്ടായത്. വേഗത്തിൽ ഡെലിവറി നടത്താമെന്ന് പറഞ്ഞ ഉല്പന്നം എത്തുകയുണ്ടായത് 35 ദിവസങ്ങൾക്ക് ശേഷമായിരുന്നു. തുടർന്ന് നഷ്ടം ലഭിക്കുവാൻ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.ഹർജിക്കാരന് ഇത് മൂലം സംഭവിച്ച ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും മാനസിക പ്രയാസങ്ങളും കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നഷ്ടപരിഹാരമായി 20000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്ലിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി .




