ഗുരുവായൂരിൽ സുരക്ഷാ ട്രയൽ റൺ നടത്തി

ഗുരുവായൂർ : രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിനോടനുബന്ധിച്ചു പോലീസ് ട്രയൽ റൺ നടത്തി കനത്ത സുരക്ഷാ പരിശോധന ക ളുടെ ഭാഗമായുള്ള ട്രയൽ റൺ വാഹന വ്യൂഹം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ശ്രീകൃഷ്ണ കോളേജിൽനിന്ന് ആരംഭിച്ച് നാലുമണിയോടെ ഗുരുവായൂർ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി.
തൃശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുരേന്ദ്രൻ മാങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ. ഗുരുവായൂർ–ചൂണ്ടൽ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ട്രയൽ റൺ . ഒരു മണിക്കൂറോളം ഗുരുവായൂർ നഗരമധ്യത്തിൽ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നൂറോളം പോലീസുകാരെയും വിന്യസിച്ചു.നാളെ രാഷ്ട്രപതിയുടെ ക്ഷേത്രദർശനത്തോടനുബന്ധിച്ച് ഉച്ച മുതൽ ചൂണ്ടൽ–ഗുരുവായൂർ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കൂടാതെ ഗുരുവായൂരിലെ ഇന്നർ, ഔട്ടർ റിങ്ങ് റോഡുകളുടെ അരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കി ല്ല. പ്രസിഡന്റ് യാത്രചെയ്യുന്ന റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങളുടെയും കടകളുടെയും മുൻവശം ആളുകൾ കൂട്ടം കൂടി നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ പാടുള്ളതല്ല.




