പാർക്കിലെ ബെഞ്ചിലിരുന്ന് കരഞ്ഞു: ജർമ്മനിയിൽ യുവതിക്ക് 2,500ലേറെ രൂപ പിഴ, കാരണം വിചിത്ര നിയമം! | German woman fined

ബെർലിൻ: കുട്ടികളോടൊപ്പമല്ലാതെ കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് കരഞ്ഞ 31-കാരിക്ക് ജർമ്മനിയിൽ മുനിസിപ്പൽ അധികൃതർ പിഴ ചുമത്തി. ഗെൽസെൻകിർച്ചനിലെ ഗ്ലൂക്കൗഫ് പാർക്കിൽ ഒക്ടോബർ 25-നാണ് സംഭവം നടന്നതെന്ന് ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹാന എന്ന യുവതിക്കാണ് 25 യൂറോ (ഏകദേശം 2,540 രൂപ) പിഴ ഒടുക്കേണ്ടി വന്നത്.(German woman fined Rs 2500 for sitting alone and crying on playground bench without a child)
പഠനവും സാമ്പത്തിക പ്രതിസന്ധികളും കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ഹാന, അല്പനേരം തനിച്ചിരിക്കാനായി നടക്കാനിറങ്ങിയതായിരുന്നു. സങ്കടം സഹിക്കാനാവാതെ കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് അമ്മായിയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് മൂന്ന് മുനിസിപ്പൽ പബ്ലിക് ഓർഡർ ഉദ്യോഗസ്ഥർ അവിടേക്ക് എത്തിയത്. അടുത്ത് ഊഞ്ഞാലാടിക്കൊണ്ടിരുന്ന രണ്ട് ആൺകുട്ടികൾ അവരുടെ മക്കളാണോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചു. അല്ലെന്ന് മറുപടി നൽകിയതോടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും നിയമലംഘനം ചൂണ്ടിക്കാട്ടി 25 യൂറോ പിഴ ചുമത്തുകയുമായിരുന്നു.
എന്താണ് ഈ വിചിത്ര നിയമം?
ഗെൽസെൻകിർച്ചൻ നഗരസഭയുടെ ചട്ടങ്ങൾ അനുസരിച്ച്, 14 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് മാത്രമായി കളിസ്ഥലങ്ങൾ സംവരണം ചെയ്തിരിക്കുകയാണ്. കുട്ടികളോടൊപ്പം വരുന്ന മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ മാത്രമേ കളിസ്ഥലത്തിനുള്ളിൽ പ്രവേശിക്കാനും ബെഞ്ചുകളിൽ ഇരിക്കാനും അനുമതിയുള്ളൂ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റകൃത്യങ്ങൾ തടയാനുമാണ് ഇത്തരമൊരു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നഗരസഭ വിശദീകരിക്കുന്നു.
“ഇതിലെല്ലാം എവിടെയാണ് മനുഷ്യത്വം? ഒരാൾ കരയുന്നത് കാണുമ്പോൾ നിങ്ങൾക്ക് സുഖമാണോ, എന്തെങ്കിലും സഹായം വേണോ എന്ന് ആദ്യം ചോദിച്ചുകൂടായിരുന്നോ? അതിനുശേഷം കുട്ടികളില്ലാതെ ഇവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞു മനസ്സിലാക്കാമായിരുന്നു,” ഹാന പ്രതികരിച്ചു. കൂടുതൽ നിയമനടപടികൾ ഒഴിവാക്കാനായി അവർ പിഴയടച്ചു. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രദേശവാസികളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 64 വർഷമായി ഇവിടെ താമസിക്കുന്ന താൻ പലതവണ ഈ ബെഞ്ചിൽ ഇരുന്നിട്ടുണ്ടെന്നും ആരും ഇതുവരെ തടഞ്ഞിട്ടില്ലെന്നും ഒരു പ്രദേശവാസി പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരുടെ നടപടി തികച്ചും നിയമപരമാണെന്നും മിതമായ പിഴ മാത്രമാണ് ചുമത്തിയതെന്നുമാണ് നഗരസഭയുടെ നിലപാട്. മാത്രമല്ല, കളിസ്ഥലങ്ങളിലെ അനധികൃത പ്രവേശനത്തിനുള്ള പരമാവധി പിഴ 55 യൂറോയിൽ നിന്ന് 60 യൂറോയായി (ഏകദേശം 6,120 രൂപ) ഉയർത്തുന്ന കാര്യവും കൗൺസിൽ പരിഗണിക്കുന്നുണ്ട്.
Story Summary
A 31-year-old woman named Hana was fined €25 (around Rs 2,540) in Gelsenkirchen, Germany, for sitting alone and crying on a children’s playground bench while speaking to her aunt on the phone. Under local municipal rules designed to protect children, playgrounds are strictly restricted to kids aged 14 and under and their accompanying guardians—a strict enforcement that drew public criticism even as the city council defended the penalty.



