സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്നു. പീക്ക് സമയത്ത് കുറഞ്ഞത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. 2027 മെയ് 31 വരെ ഈ അധിക വിഹിതവും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 150 മെഗാവാട്ട് വിഹിതവും നീട്ടി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾക്ക് 360 കോടി രൂപയും, ‘അങ്കൺ ജ്യോതി’ പദ്ധതിക്ക് 1,024 കോടി രൂപയും അനുവദിക്കണം. വൈദ്യുതി സ്ഥാപനങ്ങളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര കരട് വ്യവസ്ഥ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, പീക്ക് സമയത്ത് കുറഞ്ഞത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് സമർപ്പിച്ച നിവേദനത്തിലാണ് സംസ്ഥാനം ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1,000 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കാലവർഷക്കുറവ് മൂലം ജലവൈദ്യുതോത്പാദനത്തിൽ ഉണ്ടായ കുറവും തുറന്ന വിപണിയിലെ ഉയർന്ന നിരക്കും സംസ്ഥാനത്തെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ അൺഅലോക്കേറ്റഡ് പൂളിൽ നിന്ന് 2026 ഡിസംബർ 31 വരെ ലഭിച്ചു കൊണ്ടിരിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് 31 വരെ നീട്ടി നൽകണമെന്നും 500 മെഗാവാട്ട് അധിക വിഹിതം 2027 മെയ് 31 വരെ അനുവദിക്കണം എന്നുമാണ് ആവശ്യം.
കേന്ദ്ര ഉത്പാദന നിലയങ്ങളുടെ അധിക/മിച്ച വിഹിതത്തിൽ നിന്നും ന്യായമായ നിരക്കിൽ ഹ്രസ്വ-മധ്യകാല അടിസ്ഥാനത്തിൽ വൈദ്യുതി അനുവദിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
സോളാർ വൈദ്യുതി ഉത്പാദനത്തിലെ മുന്നേറ്റം മൂലം പകൽ സമയത്ത് വൈദ്യുതി മിച്ചവും സന്ധ്യാസമയത്ത് കമ്മിയും ഉണ്ടാകുന്ന സാഹചര്യം നേരിടാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾക്ക് 360 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്ആവശ്യപ്പെട്ടിട്ടുണ്ട്.
2,000 മെഗാവാട്ട് അവർ ശേഷിയുള്ള പദ്ധതികൾക്ക് മെഗാവാട്ട് അവറിന് 18 ലക്ഷം രൂപ നിരക്കിലാണ് സഹായം തേടിയത്. സംയോജിത ശിശുവികസന പദ്ധതിക്ക് കീഴിലുള്ള സംസ്ഥാനത്തെ 33,115 അങ്കണവാടികളെയും പൂർണ്ണമായും ഊർജ്ജക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ‘അങ്കൺ ജ്യോതി’ പദ്ധതിക്ക് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി വഴി 1,024 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ 2,817 അങ്കണവാടികളിൽ പദ്ധതി പുരോഗമിക്കുകയാണ്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
അധിക വായ്പാ പരിധിക്ക് യോഗ്യത നേടുന്നതിനായി സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി സ്ഥാപനങ്ങളിലൊന്നിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര കരട് മാർഗ്ഗനിർദ്ദേശത്തിലെ വ്യവസ്ഥ പിൻവലിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വൈദ്യുതി ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയമായതിനാൽ ഇത്തരം വ്യവസ്ഥ സംസ്ഥാനത്തിന്റെ അവകാശത്തിൽ കടന്നുകയറുന്നതാണെന്നും, ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന പ്രക്രിയയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് സംസ്ഥാനം നേരിട്ട വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൽ നിന്ന് അധിക വൈദ്യുതി ആവശ്യപ്പെട്ടത്.
വൈദ്യുതി ലഭ്യത കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നു.സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ നിഷ്കർഷിച്ച വിലയേക്കാൾ ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയത് വൻ വിവാദമായിരുന്നു.
വി.ഇ.എച്ച് ഗ്ളോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ജി.എൻ.എ എനർജിയിൽ നിന്ന് വൈദ്യുതിവാങ്ങാൻ നടത്തിയ നീക്കത്തിലും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച അഴിമതി ആരോപണത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
വൈദ്യുതി വാങ്ങൽ മന്ത്രിസഭയിലും ഭിന്നതയ്ക്ക് കാരണമായിരുന്നു.വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന സാഹചര്യത്തിൽ അധിക വൈദ്യുതി ലഭ്യമാക്കാതെ പിടിച്ച് നിൽക്കാനാവില്ലെന്നാണ് സർക്കാരിൻെറ വിലയിരുത്തൽ.
2031 ആകുമ്പോഴേക്ക് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇരട്ടിയാകുമെന്ന കണക്കും സർക്കാരിനെ പരിഹാര നടപടികൾക്ക് നിർബന്ധിതമാക്കുന്നുണ്ട്.




