ട്രംപിന്റെ സമാധാന ആഹ്വാനത്തിനു തൊട്ടുപിന്നാലെ സോവിയറ്റ് കാലഘട്ടത്തിന് ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രതിരോധ ബജറ്റ്

യുക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും യൂറോപ്പിലെ സൈനിക നീക്കങ്ങള്‍ പിന്‍വലിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുമ്പോഴും, സോവിയറ്റ് കാലഘട്ടത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ബജറ്റിന് അംഗീകാരം നല്‍കി റഷ്യ. 2027 മുതല്‍ 2029 വരെയുള്ള കാലയളവിലേക്കുള്ള ബജറ്റ് സൂചിപ്പിക്കുന്നത് യുദ്ധം പെട്ടെന്നൊന്നും അവസാനിപ്പിക്കാന്‍ മോസ്‌കോ ആഗ്രഹിക്കുന്നില്ല എന്നാണ്.
2027-29 കാലയളവിലേക്ക് റഷ്യ നീക്കിവെച്ചിരിക്കുന്നത് ഏകദേശം 606 ബില്യണ്‍ ഡോളറാണ് (ഏകദേശം 57 ലക്ഷം കോടി). കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രതിരോധ ബജറ്റിനേക്കാള്‍ 121 ബില്യണ്‍ ഡോളര്‍ കൂടുതലാണിത്. 2022-ല്‍ യുക്രെയ്‌നില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം തുടങ്ങിയതിനുശേഷം ഇതുവരെ ഏകദേശം 710 ബില്യണ്‍ ഡോളറാണ് സൈനിക ആവശ്യങ്ങള്‍ക്കായി റഷ്യ ചെലവഴിച്ചത്. പുതിയ ബജറ്റ് പ്രകാരം ഈ ചെലവ് 2027 അവസാനത്തോടെ 918 ബില്യണ്‍ ഡോളറായും, 2028-ല്‍ 1.1 ട്രില്യണ്‍ ഡോളറായും, 2029 അവസാനത്തോടെ 1.3 ട്രില്യണ്‍ ഡോളറിലേക്കും ഉയരും.
യുദ്ധച്ചെലവ് താങ്ങാന്‍ സാധാരണ ജനങ്ങളുടെയും വ്യവസായങ്ങളുടെയും മേല്‍ വലിയ ഭാരമാണ് പുടിന്‍ അടിച്ചേല്‍പ്പിക്കുന്നത്. ഭവന-അടിസ്ഥാന സൗകര്യ വികസനത്തില്‍ എട്ടു ശതമാനവും, ആരോഗ്യമേഖലയില്‍ മൂന്നു ശതമാനവും, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആറു ശതമാനവും വെട്ടിക്കുറയ്ക്കാന്‍ റഷ്യ തീരുമാനിച്ചു.
ഖനന കമ്പനികള്‍ക്കും പൗരന്മാരുടെ നിക്ഷേപ വരുമാനത്തിനും അധിക നികുതി ചുമത്താനും പദ്ധതിയുണ്ട്. ഉപരോധങ്ങള്‍, ഉയര്‍ന്ന പലിശ നിരക്ക്, തൊഴിലാളി ക്ഷാമം, എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുണ്ടാകുന്ന യുക്രെയ്ന്‍ ആക്രമണങ്ങള്‍ എന്നിവ കാരണം റഷ്യയുടെ ബജറ്റ് കമ്മി പ്രതീക്ഷിച്ചതിലും കൂടിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ചൈനയില്‍ വെച്ച് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, യൂറോപ്പിലെ സൈനിക നീക്കങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
റഷ്യയും യുക്രെയ്‌നും തമ്മില്‍ വേഗത്തില്‍ ഒരു കരാറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് പിന്മാറേണ്ടതെന്നോ യുക്രെയിന്റെ കാര്യം വ്യക്തമായോ ട്രംപ് തന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.
സമാധാന ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമിടയിലും സൈനിക ശേഷി വര്‍ധിപ്പിക്കാനും യുദ്ധസന്നദ്ധത തുടരാനുമാണ് റഷ്യയുടെ പുതിയ ബജറ്റ് ലക്ഷ്യമിടുന്നത്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ഈ വന്‍ സൈനിക ചെലവ് റഷ്യക്ക് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.




