ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ തിരുവല്ലയിൽ അറസ്റ്റിൽ; 1.176 കിലോഗ്രാം കഞ്ചാവ് പിടികൂടി | Thiruvalla cannabis seizure

പത്തനംതിട്ട: ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയെന്ന കേസിൽ രണ്ട് യുവാക്കളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു (Thiruvalla cannabis seizure). ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം വീട്ടിൽ ഇസഹാഖ് (24), മണ്ണഞ്ചേരി ആപ്പൂർ വെളിയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (26) എന്നിവരാണ് 1.176 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അറസ്റ്റ്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നഗരത്തിലേക്ക് നടന്നുവരുന്നതിനിടെ ചിലങ്ക ജംഗ്ഷന് സമീപത്തുവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.
കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെന്ന് പൊലീസ്
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Story Summary:
Two youths from Alappuzha were arrested by Thiruvalla Police with 1.176 kg of cannabis. The arrests were made near Chilanka Junction, close to Thiruvalla railway station, following a tip-off received by the district police chief. Police said the accused were key links in a cannabis supply network operating in Pathanamthitta and Alappuzha districts.




