ജോലി തേടി ബെംഗളൂരുവിലെത്തിയ 22-കാരിയായ മലയാളി നഴ്‌സിംഗ് ബിരുദധാരിയെ ലോഡ്ജ് മുറിയിൽ വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ അറസ്റ്റിൽ | Kerala Nursing Graduate Murdered Bengaluru

ബെംഗളൂരു: ജോലി തേടി ബെംഗളൂരുവിലെത്തിയ 22-കാരിയായ മലയാളി നഴ്‌സിംഗ് ബിരുദധാരിയെ ലോഡ്ജ് മുറിയിൽ വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി (Kerala Nursing Graduate Murdered Bengaluru). പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണയെ (23) ബെംഗളൂരു കോട്ടൺപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബെംഗളൂരുവിലെത്തിയത്. ബി.എസ്.സി നഴ്‌സിംഗ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ വിദ്യാർത്ഥികൾക്ക് നഴ്‌സിംഗ് കോളേജുകളിൽ അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച (നവംബർ 26) കേരളത്തിൽ നിന്ന് ഒരുമിച്ച് ബെംഗളൂരുവിലെത്തിയ ഇരുവരും കോട്ടൺപേട്ടിലെ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒ.ടി.സി റോഡിലെ റീജൻസി ലോഡ്ജിലാണ് മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മുറിക്കുള്ളിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് ഗോകുൽ കൃഷ്ണ കത്തി ഉപയോഗിച്ച് ഗംഗയുടെ വയറ്റിൽ കുത്തുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി തന്നെയാണ് ലോഡ്ജ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും, ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തെത്തിയ കോട്ടൺപേട്ട് പോലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും ലോഡ്ജിൽ പരിശോധന നടത്തി. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്നും, പ്രതിക്ക് എവിടെ നിന്നാണ് കത്തി ലഭിച്ചതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.




