‘ന്യൂയോർക്ക് ചരിത്രത്തിലാദ്യം’: കൊടുങ്കാറ്റിൽ വലഞ്ഞ് യുഎസ്, 417 വിമാനങ്ങൾ റദ്ദാക്കി

വാഷിങ്ടൻ: അമേരിക്കയിലുടനീളം വീശിയടിച്ച് ശക്തമായ കൊടുങ്കാറ്റ്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ (26) മാത്രം രാജ്യത്ത് 1,708 വിമാന സർവീസുകൾ വൈകുകയും 417 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇത് താങ്ക്സ്ഗിവിങ് അവധിക്കാല യാത്രകളെ സാരമായി ബാധിച്ചു.
കിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ 8.5 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
പ്രതികൂല കാലാവസ്ഥ കാരണം ന്യൂയോർക്കിലെ പ്രശസ്തമായ ‘മേസീസ് താങ്ക്സ്ഗിവിങ് ഡേ പരേഡ്’ ചരിത്രത്തിലാദ്യമായി ശനിയാഴ്ചത്തേക്ക് (28) മാറ്റിവച്ചു. തിരക്കേറിയ അവധിക്കാല യാത്രകൾ കണക്കിലെടുത്ത്, യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് നേരത്തെ പുറപ്പെടണമെന്നും എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തണമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശിച്ചു.




