Skip to content
November 28, 2026
⌕

റിട്ടേണും റീഫണ്ടും എളുപ്പമാക്കും; ഇ.യു. നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ടെമു

November 28, 2026
Share this post to

ബ്രസല്‍സ്: നിശ്ചിത ദിവസത്തിനകം റീഫണ്ട് നല്‍കാമെന്നും വ്യാജ റിവ്യൂകളും തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളും തടയാമെന്നും ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോം ടെമു യൂറോപ്യന്‍ യൂണിയന് ഉറപ്പുനല്‍കി. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട രാജ്യത്തെ വാര്‍ഷിക വിറ്റുവരവിന്റെ നാലു ശതമാനമോ അതിലധികമോ പിഴ ചുമത്താമെന്നും കമ്പനി സമ്മതിച്ചു.

വാങ്ങിയ സാധനങ്ങള്‍ തിരിച്ചുനല്‍കിയാല്‍ പണം 14 ദിവസത്തിനകം തിരികെ നല്‍കുമെന്ന് ടെമു ഉറപ്പുനല്‍കിയതായി യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. ഉല്‍പന്നങ്ങളുടെ പേജുകളിലും വെബ്സൈറ്റിന്റെ പ്രധാന പേജിലും ഉപഭോക്താക്കളെ പെട്ടെന്ന് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന സ്റ്റോക്ക് തീരുന്നു…പോലുള്ള സന്ദേശങ്ങളും ഒഴിവാക്കും.

ഉപഭോക്തൃസംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ടെമുവിന്റെ നടപടി. ഉപഭോക്തൃനിയമങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് ഇ.യു 2024ല്‍ പ്ലാറ്റ്ഫോമിലെ പ്രവര്‍ത്തനരീതികളില്‍ മാറ്റം വരുത്താന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വ്യാപാര പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ‘സ്പിന്‍ ദ വീല്‍’ പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന രീതിയും അവസാനിപ്പിക്കും. വ്യാജ ഉപഭോക്തൃ വിലയിരുത്തലുകള്‍ തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും.

യൂറോപ്യന്‍ കമ്മിഷനുമായും ദേശീയ ഉപഭോക്തൃസംരക്ഷണ അതോറിറ്റികളുമായും ധാരണയിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ടെമു വക്താവ് പറഞ്ഞു. യൂറോപ്പിലെ ഉപഭോക്താക്കള്‍ക്കായി സുതാര്യതയും ഷോപ്പിങ് അനുഭവവും മെച്ചപ്പെടുത്തുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ

പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിരീക്ഷിക്കും. വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട രാജ്യത്തെ വാര്‍ഷിക വിറ്റുവരവിന്റെ കുറഞ്ഞത് നാലു ശതമാനം പിഴ ചുമത്താന്‍ അംഗരാജ്യങ്ങള്‍ക്ക് അധികാരമുണ്ട്. സാഹചര്യത്തിനനുസരിച്ച് പിഴ ഇതിലും ഉയരാം.

കഴിഞ്ഞ രണ്ടു വര്‍ഷമായി യൂറോപ്യന്‍ യൂണിയന്റെ നിരീക്ഷണത്തിലാണ് ടെമു. സുരക്ഷിതമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പന തടയുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഈ മാസം കമ്പനിക്കെതിരെ രണ്ടാമതൊരു പിഴ നടപടിക്ക് സാധ്യതയുണ്ടെന്ന് ബ്രസല്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍, അപകടകരമായ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കാന്‍ അനുവദിച്ചതിന് മേയില്‍ ടെമുവിന് 20 കോടി യൂറോ പിഴ ചുമത്തിയിരുന്നു.

നടപടി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍

യൂറോപ്യന്‍ ഉപഭോക്തൃസംരക്ഷണ അതോറിറ്റികളുടെ ശൃംഖലയായ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കോ-ഓപ്പറേഷന്‍ (സി.പി.സി) സംവിധാനത്തിന്റെ ഭാഗമായി ടെമുവിനെതിരായ നടപടിക്ക് നേതൃത്വം നല്‍കിയത് അയര്‍ലണ്ടിലെ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ (സി.സി.പി.സി), ബെല്‍ജിയം, ജര്‍മനി എന്നിവിടങ്ങളിലെ ഉപഭോക്തൃസംരക്ഷണ അതോറിറ്റികളാണ്. യൂറോപ്യന്‍ കമ്മീഷന്‍ ഈ നടപടികള്‍ ഏകോപിപ്പിച്ചു.

ടെമുവിന്റെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താന്‍ ഇടപെടലിലൂടെ കഴിഞ്ഞതായി സി.സി.പി.സി അംഗം ക്ലാര തോണ്‍ടണ്‍ അറിയിച്ചു. വ്യാജ വിലക്കിഴിവുകളും വ്യാജ റിവ്യൂകളും പോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന രീതികള്‍ അവസാനിപ്പിക്കുന്നതിലൂടെ യൂറോപ്പിലെയും അയര്‍ലണ്ടിലെയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും ഉപഭോക്താക്കള്‍ക്ക് സാധാരണ വ്യാപാരസ്ഥാപനങ്ങളില്‍ ലഭിക്കുന്ന അതേ നിയമപരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്നും ഒരു വ്യാപാരിക്കും നിയമത്തിന് അതീതനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടെമു വരുത്തുന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റ നോട്ടത്തില്‍

ഉപഭോക്തൃ സേവനം: ഫോണ്‍ വഴിയുള്ള സഹായവും യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സാമ്പത്തിക മേഖല (ഇ.ഇ.എ) രാജ്യങ്ങളിലെ എല്ലാ ഭാഷകളിലുമുള്ള ചാറ്റ്ബോട്ടും ലഭ്യമാക്കും.

റീഫണ്ടും റിട്ടേണും: 14 ദിവസത്തിനകം പണം തിരികെ നല്‍കും. സാധനം തിരിച്ചുനല്‍കുന്നതിനുള്ള വിത്ഡ്രോവല്‍ ഫോം എല്ലാ ഭാഷകളിലും ലഭ്യമാക്കും.

വ്യാജ റിവ്യൂ തടയല്‍: വ്യാജ വിലയിരുത്തലുകള്‍ കണ്ടെത്താനുള്ള സംവിധാനം ശക്തമാക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം റിവ്യൂകള്‍ റിപ്പോര്‍ട്ട് ചെയ്യാനും സൗകര്യമുണ്ടാകും.

വ്യക്തമായ പേയ്മെന്റ്: ഓര്‍ഡര്‍ നല്‍കി പണം അടയ്ക്കുന്നതിന് വ്യക്തമായ സ്ഥിരീകരണ ബട്ടണ്‍ ഉള്‍പ്പെടുത്തും.

വിലയിലെ സുതാര്യത: യഥാര്‍ഥ വിലക്കിഴിവുകളും വില താരതമ്യങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കും. നികുതിയും മറ്റ് ഫീസുകളും പണമടയ്ക്കുന്നതിനു മുമ്പ് കാണിക്കും.

സമ്മര്‍ദം ചെലുത്തുന്ന പരസ്യങ്ങള്‍ ഒഴിവാക്കല്‍:ഓള്‍മോസ്റ്റ് സോള്‍ഡ് ഔട്ട് പോലുള്ള സന്ദേശങ്ങള്‍ നിര്‍ത്തലാക്കും.

നിര്‍ബന്ധിത ഗെയിമുകള്‍ ഒഴിവാക്കല്‍:വെബ്സൈറ്റ്, ആപ്പ്, പരസ്യങ്ങള്‍ എന്നിവയില്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഗെയിമുകള്‍ കളിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും.

പരിസ്ഥിതി അവകാശവാദങ്ങളില്‍ വ്യക്തത: പരിസ്ഥിതി സംഭാവനാ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ വ്യക്തവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമാക്കും.

Get more updates from Pudukad News on Google