Skip to content
November 29, 2026
⌕

കൗമാരകലയുടെ പൂരത്തിന് കാഞ്ഞിരപ്പള്ളിയിൽ ഇന്ന് കൊടിയേറ്റം. കോട്ടയം ജില്ലാ സ്‌കൂൾ കലോത്സവത്തിന് അരങ്ങുണരുന്നു. ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം കലാപ്രതിഭകളാണ് മാറ്റുരയ്ക്കും. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 14 വേദികളിൽ 300 മത്സരയിനങ്ങൾ അരങ്ങേറും

November 28, 2026
Share this post to

കാഞ്ഞിരപ്പള്ളി: കൗമാരകലയുടെ വിസ്മയക്കാഴ്ചകളൊരുക്കി കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കാഞ്ഞിരപ്പള്ളിയിൽ ഇന്ന്  തുടക്കമാകും. ഡിസംബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന കലാമേളയിൽ ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 14 വേദികളിൽ 300 മത്സരയിനങ്ങൾ അരങ്ങേറും.

 കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ് കലോത്സവത്തിന്റെ പ്രധാന വേദി. ഇന്ന് നടക്കുന്ന വർണാഭമായ ഘോഷയാത്രയോടെ കലാമേളയ്ക്ക് തുടക്കമാകും.

രാവിലെ 10.30-ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രഫ. റോണി കെ. ബേബി എം.എൽ.എ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ലോഗോ ഡിസൈനിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. എം.എൽ.എമാരായ മാണി സി. കാപ്പൻ, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയിലൂപ്പറമ്പിൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.

 പ്രധാന വേദിയായ സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് പുറമെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, എ.കെ.ജെ.എം സ്‌കൂൾ, പേട്ട ഗവ. ഹൈസ്‌കൂൾ, മൈക്ക സ്‌കൂൾ, എൻ.എച്ച്.എ സ്‌കൂൾ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാൾ എന്നിവിടങ്ങളിലായാണ് 14 വേദികൾ സജ്ജീകരിച്ചിരിക്കുന്നത്.

കലോത്സവം കുറ്റമറ്റതാക്കാൻ വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെ.പി.എസ്.ടി.എയ്ക്ക് പ്രോഗ്രാം കമ്മിറ്റിയുടെയും കെ.എസ്.ടി.എയ്ക്ക് ഭക്ഷണ കമ്മിറ്റിയുടെയും ചുമതല നൽകിയിട്ടുണ്ട്. മറ്റ് അധ്യാപക സംഘടനകളും വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വിധികർത്താക്കളെ ഉൾപ്പെടെ നിയമിച്ചിരിക്കുന്നത്.

സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പുറമെ, ത്രിതല പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, അധ്യാപക സംഘടനകൾ, സ്പോൺസർമാർ എന്നിവരുടെ സഹകരണത്തോടെയാണ് കലോത്സവത്തിനുള്ള ബാക്കി ഫണ്ട് കണ്ടെത്തിയിരിക്കുന്നത്.

Get more updates from Pudukad News on Google