Skip to content
November 29, 2026
⌕

ഡീലിമിറ്റേഷൻ ബിൽ ജനാധിപത്യത്തിന് ഭീഷണി; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ | Mallikarjun Kharge on Delimitation Bill

November 28, 2026
Share this post to

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ബില്ലിന് വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. (Mallikarjun Kharge on Delimitation Bill)

ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നിർദേശം ചൂണ്ടിക്കാട്ടിയ ഖാർഗെ, ഇതിലൂടെ അധികാരം ദീർഘകാലത്തേക്ക് കൈവശം വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും ബിൽ വ്യക്തത നൽകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. 2026ലെ സെൻസസ് അടിസ്ഥാനമാക്കി ഈ വിഭാഗങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിക്കാനുള്ള വ്യവസ്ഥകൾ ഉറപ്പാക്കിയിട്ടില്ലെന്നും ഖാർഗെ പറഞ്ഞു. മണ്ഡല പുനർനിർണയത്തിന്റെ ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനെ ഏൽപ്പിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന നടപടികളിൽ വിശ്വാസമില്ലെന്നായിരുന്നു ഖാർഗെയുടെ വിമർശനം. സീറ്റുകൾ പൊതുവിഭാഗത്തിലോ സംവരണ വിഭാഗത്തിലോ ഉൾപ്പെടുത്തുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബിൽ പാസാക്കാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളിൽ ഭിന്നതയുണ്ടാക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ്, എൻസിപി, ശിവസേന തുടങ്ങിയ പാർട്ടികളിലെ പിളർപ്പുകൾ ഇതിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഏപ്രിലിൽ ബിൽ അവതരിപ്പിച്ചപ്പോൾ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് ഖാർഗെ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിലെ രൂപത്തിൽ ബിൽ നടപ്പാക്കുന്നത് രാജ്യത്തിന് വലിയ ദോഷമുണ്ടാക്കുമെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർപ്പ് ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: Congress president Mallikarjun Kharge has criticised the revised Delimitation Bill, calling it a threat to democracy. He raised concerns over the proposed expansion of the Lok Sabha, representation for SC/ST communities and the Election Commission’s role in the exercise.

Get more updates from Pudukad News on Google