ബിസ്‌ലേരി കുടിവെള്ളത്തിന് വീണ്ടും തിരിച്ചടി! ബംഗാള്‍ പ്ലാന്റിലെ സാമ്പിളില്‍ കോളിഫോം ബാക്ടീരിയ! എങ്ങനെ വിശ്വസിക്കും ബ്രാന്‍ഡുകളെ?

രാജ്യത്തെ മുന്‍നിര കുടിവെള്ള ബ്രാന്‍ഡായ ബിസ്‌ലേരിക്ക് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ നിയമ നടപടി. പശ്ചിമ ബംഗാളിലെ പ്ലാന്റില്‍ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതാണ് പുതിയ നടപടിക്ക് കാരണം. പ്രാഥമിക പരിശോധനയിലും റഫറല്‍ ലാബ് പരിശോധനയിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്താണ് ഈ സംഭവത്തിന്റെ പശ്ചാത്തലം? പരിശോധനാ ഫലങ്ങളെ ബിസ്‌ലേരി എങ്ങനെയാണ് എതിര്‍ക്കുന്നത്? ഒരാഴ്ച മുന്‍പ് ഗോവ പ്ലാന്റിലെ സാമ്പിളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം എന്തായിരുന്നു?
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുള്ള ബിസ്‌ലേരിക്ക് പ്ലാന്റില്‍ നിന്നാണ് ജൂലൈയില്‍ സാമ്പിള്‍ ശേഖരിച്ചത്. ബാച്ച് നമ്പര്‍- പിബി 201. നിര്‍മിച്ച തിയതി- 2026 ജൂലൈ 20. ഉപയോഗിക്കാവുന്ന കാലാവധി 2027 ജനുവരി 19 വരെ.
ഈ ബാച്ചിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പ്രാഥമിക ലബോറട്ടറിയിലും തുടര്‍ന്ന് റഫറല്‍ ലബോറട്ടറിയിലും സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 2026 ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വില്‍പ്പന എഫ്എസ്എസ്എഐ നിരോധിച്ചിരുന്നു. ഇപ്പോള്‍ ബിസ്‌ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ ശനിയാഴ്ച ബിസ്‌ലേരി ഇന്റര്‍നാഷണല്‍ വിശദമായ പ്രസ്താവന പുറത്തിറക്കി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും പരിശോധനാ ഫലങ്ങളില്‍ വ്യത്യാസമുണ്ടെന്നുമാണ് കമ്പനിയുടെ വാദം.
ബിസ്‌ലേരിയുടെ പ്രധാന വാദങ്ങള്‍ ഇവയാണ്- ഓഗസ്റ്റ് 12-ലെ എഫ്എസ്എസ്എഐ നിര്‍ദേശപ്രകാരം തന്നെ ‘പിബി 201’ ബാച്ച് വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. ഇതേ ബാച്ചിലെ സാമ്പിളുകള്‍ എഫ്എസ്എസ്എഐ അംഗീകൃത രണ്ട് സ്വതന്ത്ര ലബോറട്ടറികളില്‍ പരിശോധിച്ചു. രണ്ടിടത്തും കോളിഫോം ബാക്ടീരിയയുടെ അളവും മറ്റ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും നിശ്ചിത പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി.
റെഗുലേറ്ററി പരിശോധനാ ഫലവും സ്വതന്ത്ര ലാബ് ഫലവും തമ്മിലുള്ള വ്യത്യാസം വിശദമായി പരിശോധിക്കണമെന്നും, സാമ്പിള്‍ ശേഖരണ രീതിയും പരിശോധനാ രീതികളും വിലയിരുത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു.
പത്തു ഘട്ടങ്ങളുള്ള നിര്‍മാണ പ്രക്രിയയും 90-ലധികം ഗുണനിലവാര പരിശോധനകളും തങ്ങള്‍ പിന്തുടരുന്നുണ്ടെന്നും, കുടിവെള്ള സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ബിസ്‌ലേരി വ്യക്തമാക്കി. എഫ്എസ്എസ്എഐയുമായി പൂര്‍ണമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കാണപ്പെടുന്നത് എന്തിന്റെ സൂചനയാണ്? മലിനജലം, ശുദ്ധീകരണം, ബോട്ടില്‍ ചെയ്യുന്നതിലെ വീഴ്ചകള്‍ എന്നിവ കൊണ്ടായിരിക്കാം കോളിഫോം ബാക്ടീരിയ കാണുന്നത്. ജലസ്രോതസിലെ മലിനീകരണം, ശരിയായ അണുനശീകരണം നടത്താത്, വൃത്തിഹീനമായ ബോട്ടിലിംഗ് ഉപകരണങ്ങള്‍, കുപ്പികള്‍ അല്ലെങ്കില്‍ അടപ്പുകള്‍, സ്റ്റോറേജ് ടാങ്കുകള്‍, അല്ലെങ്കില്‍ പൈപ്പുകളിലെ ചോര്‍ച്ച എന്നിവയിലൂടെ മലിനീകരണം സംഭവിക്കാം.
കോളിഫോം ബാക്ടീരിയകള്‍ അപകടകാരികളാണ്. മലിനമായ വെള്ളത്തിലൂടെ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്. ഇത് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയവയ്ക്ക് കാരണമാകാം. കുട്ടികള്‍, പ്രായമായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ അപകടസാധ്യത.
കഴിഞ്ഞ ഞായറാഴ്ചയാണ് ബിസ്‌ലേരിയുടെ ഗോവ പ്ലാന്റില്‍ നിന്നുള്ള സാമ്പിളുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചത്.
2025 സെപ്റ്റംബര്‍ 30-ന് ശേഖരിച്ച സാമ്പിളില്‍ ബ്രോമേറ്റ് അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് റഫറല്‍ ലാബ് പരിശോധനയില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
14 മാസം മുന്‍പുള്ള ഒരു ബാച്ചിന്റെ കാര്യമാണിതെന്നും, തങ്ങളുടെ 143 പ്ലാന്റുകളില്‍ ഒന്നിനെ മാത്രമാണ് ഇത് ബാധിച്ചതെന്നുമാണ് ബിസ്‌ലേരി അന്ന് പ്രതികരിച്ചത്.
രാജ്യത്തുടനീളമുള്ള കുടിവെള്ള ബ്രാന്‍ഡുകളില്‍ എഫ്എസ്എസ്എഐയും സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തെ പാല്‍, മാംസം, മുട്ട, ധാന്യങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഇപ്പോള്‍ മിനറല്‍ വാട്ടര്‍ പരിശോധനകളും നടപടികളും ശക്തമാക്കാന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷണര്‍മാര്‍ക്കും റീജിയണല്‍ ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീതി പരത്താനല്ല, മറിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടികളെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ വിഷയത്തില്‍ എഫ്എസ്എസ്എഐയുടെയും ബിസ്‌ലേരിയുടെയും ഭാഗത്തുനിന്ന് കൂടുതല്‍ വിശദീകരണങ്ങള്‍ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.




