Skip to content
November 29, 2026
⌕

ബതിന്‍ഡ സൈനിക താവളത്തില്‍ പാക് ചാരവലയം? സൈനികര്‍ക്ക് പണം എത്തിച്ച ഏജന്റ് പിടിയില്‍! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്!

November 28, 2026
Share this post to

ഡൽഹി :രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തി, ഇന്ത്യന്‍ സൈന്യത്തിനുള്ളില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ നടത്തിയ വന്‍ നീക്കം പഞ്ചാബ് പോലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് തകര്‍ത്തു.

പഞ്ചാബിലെ തന്ത്രപ്രധാനമായ ബതിന്‍ഡ മിലിട്ടറി സ്റ്റേഷനിലെ സൈനികരെ ഹണിട്രാപ്പില്‍ കുടുക്കിയും പണം നല്‍കിയും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന ചാരശൃംഖലയിലെ പ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. ആരാണ് പിടിയിലായ സത്‌നാം സിംഗ് എന്ന സത്തു? മയക്കുമരുന്ന് കടത്തില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ പാക് ചാരസംഘടനയുടെ ഏജന്റായി മാറിയത്? സൈനികരുടെ അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം എവിടെയാണ്?

ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഈ ഞെട്ടിക്കുന്ന ചാരവൃത്തി കേസിന്റെ പൂര്‍ണവിവരങ്ങള്‍ പരിശോധിക്കാം.

പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തി ജില്ലയായ ഫിറോസ്പുര്‍ സ്വദേശിയായ സത്‌നാം സിംഗ് എന്ന സത്തുവിനെയാണ് വ്യാഴാഴ്ച പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന ഫിറോസ്പുരില്‍ അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് ഇടപാടുകളും ആയുധക്കടത്തും നുഴഞ്ഞുകയറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണ്. സത്തുവിന്റെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്-

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തുകാരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. ഡ്രോണുകള്‍ വഴി പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടത്തിവിടുന്ന മയക്കുമരുന്നുകള്‍ സ്വീകരിച്ച് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന ജോലി. നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

സാധാരണ മയക്കുമരുന്ന് കടത്തുകാരനില്‍ നിന്നാണ് സത്തു പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരുടെ വിശ്വസ്തനായ ഇടനിലക്കാരനായി വളര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗവും, സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലെ മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റും, പ്രാദേശിക പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് പുറത്തുവന്നത്.

പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്-
പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാരുടെ നിര്‍ദേശപ്രകാരം ബതിന്‍ഡ കന്റോണ്‍മെന്റിലെ സൈനികരുമായി സത്തു സൗഹൃദം സ്ഥാപിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. ഹണിട്രാപ്പില്‍ കുടുങ്ങിയതോ, അല്ലെങ്കില്‍ പണത്തിനുവേണ്ടി രഹസ്യങ്ങള്‍ കൈമാറാന്‍ തയാറായതോ ആയ സൈനികരില്‍നിന്ന് സൈനിക താവളത്തിന്റെ ലൊക്കേഷന്‍ വിവരങ്ങളും രഹസ്യ രേഖകളും ഇയാള്‍ ശേഖരിച്ച് പാകിസ്ഥാനിലേക്ക് അയച്ചു.

പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാര്‍ നല്‍കുന്ന പണം, വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സൈനികരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചു നല്‍കിയിരുന്നത് സത്തുവാണ്. സത്തുവിന്റെ മൊബൈല്‍ ഫോണിലെ വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷനില്‍ നിന്ന് പാകിസ്ഥാന്‍ ഫോണ്‍ നമ്പറുകളുമായി നടത്തിയ ചാറ്റുകളുടെ വ്യക്തമായ തെളിവുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ മാസം ആദ്യം മാത്രം ഇത്തരത്തില്‍ ഒരു സൈനികന് 10,000 രൂപ കൈമാറിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സത്തുവിമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു സൈനികന്‍ നിലവില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

പാക് ചാരസംഘടനയായ ഐഎസ്‌ഐ എന്തുകൊണ്ടാണ് ബതിന്‍ഡ സൈനിക താവളത്തെ ലക്ഷ്യമിട്ടത്? ഇതിന് പിന്നില്‍ വലിയ തന്ത്രപരമായ കാരണങ്ങളുണ്ട്. ഇന്ത്യന്‍ കരസേനയുടെ നിര്‍ണായക വിഭാഗമായ 10 കോര്‍പ്‌സിന്റെ  ആസ്ഥാനമാണ് ബതിന്‍ഡ മിലിട്ടറി സ്റ്റേഷന്‍. ‘ചേതക് കോര്‍പ്‌സ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷണല്‍ കേന്ദ്രമായും ലോജിസ്റ്റിക്‌സ് ബേസായും പ്രവര്‍ത്തിക്കുന്ന ഇടമാണിത്.

താന്‍ നിരവധി പാകിസ്ഥാന്‍ ഐഎസ്‌ഐ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ നിര്‍ദേശപ്രകാരം സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷനും മറ്റ് തന്ത്രപ്രധാന വിവരങ്ങളും കൈമാറിയിരുന്നുവെന്നും സത്തു ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെ ഏറ്റവും കടുത്ത വകുപ്പുകളാണ് സത്തുവിനെതിരെ ചുമത്തിയിരിക്കുന്നത്.
അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് മാഫിയയും പാക് ചാരസംഘടനയും  തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബതിന്‍ഡ കേസ്. സത്തുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഈ ചാരവലയത്തില്‍ ഉള്‍പ്പെട്ട സൈനികരെയും മറ്റ് ഇടനിലക്കാരെയും കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണം സൈന്യവും പഞ്ചാബ് പോലീസും തുടരുകയാണ്

Get more updates from Pudukad News on Google