ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക വഴിത്തിരിവ് : ഹൈക്കോടതിയെ നിലപാട് അറിയിക്കും; കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിയൊരുങ്ങുന്നു..
ശബരിമലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണക്കൊള്ള കേസിൽ, കോടതി നിർദേശം ലഭിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ (CBI) വ്യക്തമാക്കി. ഹൈക്കോടതിയെ ഇതുസംബന്ധിച്ച ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും സിബിഐ അറിയിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് നേരത്തെ തന്നെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
ഇതിനിടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ശക്തമാക്കി മുന്നോട്ട് പോകുകയാണ്. ഉടൻതന്നെ കേസിൽ ഇസിഒആർ (ECIR) രജിസ്റ്റർ ചെയ്യാനുള്ള നടപടികളും പുരോഗമിക്കുന്നു. എന്നാൽ കോടതി നിർദേശിച്ചാൽ മാത്രമേ സിബിഐ ഔദ്യോഗിക അന്വേഷണ നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്.
സ്വർണ്ണക്കൊള്ള സംസ്ഥാനപരിധിയിൽ ഒതുങ്ങുന്ന കേസല്ല എന്നും, വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ബന്ധങ്ങൾ ഉള്ളതായും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള എസ്‌ഐടിക്ക് (SIT) അന്വേഷണത്തിൽ പരിമിതികളുണ്ടെന്നും, അതുകൊണ്ടുതന്നെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന അഭിപ്രായം ശക്തമാകുകയാണ്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം പുരാവസ്തു കടത്തുസംഘത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. എസ്‌ഐടി അന്വേഷിച്ചുവരുന്ന ചെന്നൈ വ്യവസായി ‘ഡി മണി’ എന്നറിയപ്പെടുന്ന വ്യക്തി പുരാവസ്തു കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന സൂചനകളും പുറത്തുവരുന്നു. കേസിലെ പ്രധാന കണ്ണിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യാനും, സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകൾ വിശദമായി പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിനിടയിൽ, തൊണ്ടിമുതൽ കണ്ടെത്താനുള്ള അന്വേഷണം എസ്‌ഐടി കൂടുതൽ ഊർജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും യഥാർത്ഥ തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തൊണ്ടിമുതലെന്ന പേരിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 109 ഗ്രാം സ്വർണ്ണവും, ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്ന് 475 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇവ ശബരിമലയിൽ നിന്നു മോഷ്ടിച്ചതായി കരുതുന്ന യഥാർത്ഥ സ്വർണ്ണമല്ല എന്നാണ് അന്വേഷണ കണ്ടെത്തൽ. തട്ടിയെടുത്തതായി കണക്കാക്കുന്ന അളവിനൊത്ത സ്വർണ്ണം പ്രതികൾ തന്നെ എസ്‌ഐടിക്ക് കൈമാറിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
<p>The post ശബരിമല സ്വർണ്ണക്കൊള്ള; കോടതി ഉത്തരവുണ്ടെങ്കിൽ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ first appeared on guruvayoorOnline.com | Guruvayur Temple.</p>


